മെഡിക്കല്‍ കോളജിലെ അനധികൃത കോഫീ ഷോപ്പുകള്‍ക്കെതിരേ വികസന സമിതി രംഗത്ത്
കളമശേരി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന രണ്ട് കോഫി ഷോപ്പുകള്‍ക്കെതിരേ ആശുപത്രി വികസന സമിതി രംഗത്ത്. ഇവയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് വികസന സമിതി പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഒത്താശമൂലം കോഫി ഷോപ്പുകള്‍ ഇപ്പോഴും നിര്‍ബാധം പ്രവര്‍ത്തിക്കുകയാണ്.
ഒ.പി കൗണ്ടറിനടുത്തുള്ള കോഫി ബങ്ക് നഷ്ടമായതിനാല്‍ 2015 മെയ് 29ന് കൂടിയ വികസന സമിതി യോഗം അടയ്ക്കാന്‍ തീരുമാനിച്ചതാണ്. കോഫീ ബങ്ക് ടെണ്ടര്‍ ചെയ്യാനും തീരുമാനിച്ചിരുന്നു. ബങ്കില്‍ ജോലി ചെയ്യുന്നയാളെ ആശുപത്രി വികസന സമിതി ഓഫീസിലേക്ക് മാറ്റാനും തീരുമാനിച്ചു.
എന്നാല്‍ ഇതിനൊക്കെ നടപടിയെടുക്കേണ്ട മെഡിക്കല്‍ കോളജ് അധികൃതര്‍ ഒന്നും ചെയ്തില്ല. പിന്നീട് ഈ തീരുമാനം ആശുപത്രി വികസന സമിതി യോഗത്തില്‍ പലതവണ വന്നെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ല. തുടര്‍ന്ന് ഡിസംബര്‍ ഏഴിന് 10 ദിവസത്തിനുള്ളില്‍ ബങ്ക് നിര്‍ത്തലാക്കണമെന്ന് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടതാണ്. എന്നാല്‍ ബങ്ക് ഇപ്പോഴും സുഗമമായി പ്രവര്‍ത്തിക്കുന്നു.
അത്യാഹിത വിഭാഗത്തിനടുത്ത് ആംബുലന്‍സ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്താണ് മറ്റൊരു ടീ ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ നടത്തിപ്പ് സംബന്ധിച്ചോ, അനുമതി സംബന്ധിച്ചോ ആധികൃതര്‍ക്കോ വികസന സമിതിക്കോ വ്യക്തമായ ധാരണയില്ല.
ഈ കോഫി ഷോപ്പിലേക്കുള്ള വൈദ്യുതി നല്‍കുന്നത് മെഡിക്കല്‍ കോളജില്‍ നിന്നാണെങ്കിലും വാടക ഇനത്തില്‍ ഒരുപൈസ പോലും ലഭിക്കുന്നില്ലെന്ന് വികസന സമിതി ആരോപിക്കുന്നു. അധികൃതമായി പ്രവര്‍ത്തിക്കുന്ന രണ്ട് കോഫി ഷോപ്പുകളും നിര്‍ത്തി, ന്യായവിലയ്ക്ക് ഭക്ഷണ പാനീയങ്ങള്‍ ലഭ്യമാക്കാനുള്ള ഷോപ്പുകള്‍ തുടങ്ങണമെന്ന നിര്‍ദേശം വികസന സമിതി ഉന്നയിച്ചെങ്കിലും അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. നടപടി എടുക്കേണ്ട മെഡിക്കല്‍ കോളജ് അധികൃതര്‍ കോഫി ഷോപ്പുകാരേ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."