പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടല്‍: പ്രതീക്ഷയോടെ ഉദ്യോഗാര്‍ഥികള്‍
തൊടുപുഴ: നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ ഇതുവരെ കാലാവധി നീട്ടിലഭിക്കാത്തവയുടെ കാലാവധി ആറുമാസത്തേക്ക് ദീര്‍ഘിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പി.എസ്.സി അംഗീകരിച്ചതോടെ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ പ്രതീക്ഷയില്‍. ഇതുവരെ കാലാവധി നീട്ടാത്തതും 2017 മാര്‍ച്ച് 31നു മുന്‍പു കാലാവധി പൂര്‍ത്തിയാകുന്നതുമായ റാങ്ക് പട്ടികകളാണു ദീര്‍ഘിപ്പിക്കുന്നത്.
റാങ്ക് പട്ടികയില്‍ ഇടം നേടാനായിട്ടും വിവിധ ഓഫിസുകളില്‍നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസം നേരിട്ടതിനാല്‍ സര്‍ക്കാര്‍ ജോലി കിട്ടാക്കനിയായവര്‍ക്കു പുതിയ തീരുമാനം അനുഗ്രഹമാകും. മാര്‍ച്ചിനകം കാലാവധി തീരുന്ന 186 റാങ്ക് പട്ടികകളാണു ജില്ലയിലുള്ളത്. ഇതില്‍ ഈ മാസം 31നു കാലാവധി തീരുന്ന 176 പട്ടികകളുണ്ട്. ഇതില്‍ 76 റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്കു നീട്ടിയിരുന്നു.
ബാക്കി എണ്ണത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനാണു സര്‍ക്കാര്‍ തീരുമാനം. ശേഷിക്കുന്ന 106 റാങ്ക് പട്ടികകളുടെ കാലാവധിയാണ് ആറു മാസത്തേക്കു നീട്ടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, വിവിധ വകുപ്പുകളില്‍നിന്നുള്ള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്തതു തിരിച്ചടിയാകുമോ എന്ന ആശങ്കയും റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ പങ്കുവയ്ക്കുന്നു.
ബന്ധപ്പെട്ട വകുപ്പുകള്‍ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഗുണം ചെയ്യില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. പൊതുമരാമത്ത്, ജലവിഭവം തുടങ്ങിയ വകുപ്പുകളിലെ ഒഴിവുകള്‍ കാലങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ അനവധി പരാതികള്‍ നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചതോടെ ഈ വകുപ്പുകളുടെ അധികൃതര്‍ ഉറക്കമുണര്‍ന്നിട്ടുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. കാലാവധി ദീര്‍ഘിപ്പിക്കുകയും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്താല്‍ സര്‍ക്കാര്‍ജോലി എന്ന സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണു ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍. വിവിധ റാങ്ക് പട്ടികകളില്‍ ഇടംപിടിച്ചിട്ടും ജോലിക്കായി കാത്തിരിക്കുന്ന പലര്‍ക്കും ഇതു ജീവിതത്തിലെ അവസാന അവസരമാണ്. റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചശേഷം നടത്തുന്ന പി.എസ്.സി പരീക്ഷകള്‍ എഴുതാന്‍ ഇവര്‍ക്കു പ്രായം തടസ്സമാകും. നിയമനത്തിനു വേഗം വേണം വര്‍ഷങ്ങള്‍ക്കു മുന്‍പു പ്രഖ്യാപിച്ച റാങ്ക് പട്ടിക പ്രയോജനപ്പെടുത്താന്‍ ഭൂരിഭാഗം വകുപ്പുകളും തയാറായിട്ടില്ലെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ടിന് 2017 ജനുവരി വരെയാണു കാലാവധിയുള്ളത്. മെയിന്‍ ലിസ്റ്റില്‍ 162 പേര്‍ മാത്രം ഉള്‍പ്പെട്ട ഈ റാങ്ക് പട്ടികയില്‍നിന്നു 39 പേര്‍ക്കു മാത്രമാണ് ഇതുവരെ നിയമനം നടന്നിട്ടുള്ളതെന്നു റാങ്ക് ഹോള്‍ഡര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. തോട്ടം തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന മേഖലകളിലെ പല ആശുപത്രികളിലും ആവശ്യത്തിനു നഴ്‌സുമാര്‍ ഇല്ലാത്തപ്പോഴാണ് ഈ സ്ഥിതിയെന്നാണ് ആരോപണം. ഭൂരിഭാഗം റാങ്ക് പട്ടികകളുടെയും സ്ഥിതി ഇതിനു സമാനമാണെന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് ഇതിനു കാരണമെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു.
താല്‍ക്കാലിക ജോലികള്‍ക്കിടെ പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ പഠിച്ചു പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവരാണ് ജോലിക്കായുള്ള അനന്തമായ കാത്തിരിപ്പു തുടരുന്നത്. ഉദ്യോഗാര്‍ഥികള്‍ പറയുന്നു സിവില്‍ സപ്ലൈസ് വകുപ്പില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ പോലുള്ള റാങ്ക് പട്ടികയില്‍ ഇടുക്കി ജില്ലയില്‍ ഒരു ഒഴിവുപോലും ആറു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റാങ്ക് പട്ടിക നീട്ടി നല്‍കിയെന്ന പ്രഖ്യാപനത്തിനു പിന്നിലെ ചതിക്കുഴികള്‍ ആരും മനസ്സിലാക്കുന്നില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."