വന്യജീവി ആക്രമണം: പഞ്ചായത്ത്തല ജാഗ്രതാ സമിതിയെന്ന് മന്ത്രി
പാലക്കാട് : വനം-വന്യജീവി സംരക്ഷണം ലക്ഷ്യമിട്ടും വന്യജീവി ആക്രമണം നേരിടാനുമായി വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ ജനജാഗ്രതാ സമിതികള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു അറിയിച്ചു. പാലക്കാട് വനം ഡിവിഷന്‍,ഈസ്റ്റേണ്‍ സര്‍ക്ക്ള്‍ ഒലവക്കോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്‍വീനറും അതത് പഞ്ചായത്ത് പ്രസിഡന്റ് സമിതി അധ്യക്ഷനും വാര്‍ഡ് മെമ്പര്‍മാരും ഉള്‍പ്പെടുന്നതാണ് സമിതി. വന്യജീവി ആക്രമണ പ്രദേശങ്ങളില്‍ എന്തൊക്കെ സുരക്ഷാ നടപടി സ്വീകരിക്കാമന്നും കൃഷി നാശമുണ്ടായാല്‍ നഷ്ടപരിഹാരതുക നല്‍കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കാന്‍ അധികാരമുണ്ടാകും. വനം- റവന്യൂ അതിര്‍ത്തികളില്‍ വ്യക്തതയും കൃത്യതയും ലക്ഷ്യമിട്ട് റവന്യൂ വകുപ്പ് സര്‍വെയര്‍മാരോടൊത്ത് പ്രവര്‍ത്തിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. വന്യജീവി ആക്രമണ പ്രദേശങ്ങളില്‍ സൗരോര്‍ജ വേലിയും ട്രെഞ്ച് തുടങ്ങിയ സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി ഈ വര്‍ഷം കിഫ്ബിയിലേക്ക് (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) 100 കോടി വനം വകുപ്പ് നല്‍കിയിട്ടുള്ളതായും അതില്‍ നിന്ന് 25 കോടി പാലക്കാടിന് അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആശയവിനിമയം സാധ്യമാക്കിക്കൊണ്ട് ഫോറസ്റ്റ് സ്റ്റേഷനുകള്‍ അടിയന്തരമായി പ്രാവര്‍ത്തികമാക്കും. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള വന സംരക്ഷണമാണ് ലക്ഷ്യം. വനാശ്രിതരായ ആദിവാസികള്‍ക്ക് വനാവകാശനിയമം ഉറപ്പാക്കുന്ന എല്ലാവിധ സംരക്ഷണവും നല്‍കും.
വനാവകാശ നിയമം ഉപയോഗിച്ചുള്ള കൈയേറ്റം കര്‍ശനമായി തടയാനും നടപടിയെടുക്കും. വനപ്രദേശങ്ങളിലെ ചില സ്‌കൂളുകള്‍ ദത്തെടുത്ത് വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി വരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. വനാശ്രിത സമൂഹത്തിന് സഹായകരമാകുന്ന വിധം വനവുമായി ബന്ധപ്പെട്ട തേനീച്ച വളര്‍ത്തല്‍, ബാംബൂ വളര്‍ത്തല്‍, ഇക്കോടൂറിസം എന്നിവയുമായി ബന്ധപ്പെട്ട് തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്ന സമീപനമായിരിക്കും വനം വകുപ്പിന്റേത്.
പൊതുജനങ്ങളുടെയും വനംവകുപ്പിന്റെയും സഹവര്‍ത്തിത്വത്തോടെയുള്ള വനം-വന്യജീവി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യം. കൃഷിനാശത്തിനും വന്യജീവി ആക്രമണത്തെ തുടര്‍ന്നുളള നഷ്ടപരിഹാരവും ഉടന്‍ നല്‍കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധ്യമാകണം. വനപ്രദേശത്തെ മൃഗങ്ങളുടെ ആവാസവ്യവസ്ഥയും ഭക്ഷണവും ശോഷിക്കുന്നതായും മൃഗങ്ങള്‍ മനുഷ്യവാസപ്രദേശങ്ങളിലേക്കിറങ്ങുന്നതും തടയുക ലക്ഷ്യമിട്ട് മെച്ചപ്പെട്ട ഫോറസ്റ്റ് സേനയെ വനം വകുപ്പ് വാര്‍ത്തെടുക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 24,88,000 രൂപ ചെലവിലാണ് ഫോറസ്റ്റ് റെയ്ഞ്ച് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും ഫോറസ്റ്റ് സേനാമേധാവിയുമായ എസ്.സി.ജോഷി, പാലക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ സാമുവല്‍ വി.പച്ചൗ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്ദു സുരേഷ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.പ്രീത, അകത്തേത്തറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.സുമേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."