പ്രതികള്‍ പിടിയിലായതായി സൂചന കൃഷ്ണകുമാറിന്റെ തിരോധാനം
കൊല്ലം: രണ്ടുവര്‍ഷം മുമ്പ് കാണാതായ കൃഷ്ണകുമാറിന്റെ തിരോധാനം കൊലപാതകമെന്നു പൊലിസിനു തെളിവു ലഭിച്ചതോടെ സംഭത്തില്‍ പ്രതികള്‍ പൊലിസ് പിടിയിലായതായി സൂചന.
ചിന്നക്കട ഹെഡ്‌പോസ്‌റ്റോഫിസിനു സമീപം കുളത്തില്‍ പുരയിടം വിശ്വഭവനില്‍ രാജമ്മയുടെ മകന്‍ കൃഷ്ണകുമാറിന്റെ തിരോധാനമാണ് ഒടുവില്‍ കൊലപാതകമാണെന്നു ഇയാളോട് അടുപ്പമുണ്ടായിരുന്ന ഒരാള്‍ വെളിപ്പെടുത്തിയത്. കൃഷ്ണകുമാറിന്റെ തിരോധാനം വിവാദത്തിനു കാരണമായിരുന്നു.
2014 നവംബര്‍ 11നു വൈകിട്ട് ആറിനു വീട്ടില്‍നിന്നും മത്സ്യം വാങ്ങുന്നതിനു ചിന്നക്കടയില്‍ പോയ മകന്‍ കൃഷ്ണകുമാറിനെ കാണാനില്ലെന്നു പറഞ്ഞ് മാതാവ് രാജമ്മ പരാതി സര്‍ക്കാരിലും മജിസ്‌ട്രേറ്റ് കോടതിയിലും നല്‍കിയിട്ടും യാതൊരു ഫലവും ലഭിക്കാത്തതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തിയിട്ടും കൃഷ്ണകുമാറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 2014 സെപ്തംബര്‍ 23നു പൊലിസുകാര്‍ കൃഷ്ണകുമാറിനേയും സുഹൃത്തുക്കളായ അശോകന്‍, ബിജു എന്നിവരെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലിസ് സ്‌റ്റേഷന്‍ ലോക്കപ്പിലിട്ടു മര്‍ദിച്ചിരുന്നു.
തുടര്‍ന്ന് ഒക്‌ടോബര്‍ 31നു കൃഷ്ണകുമാറിനു ജാമ്യം ലഭിച്ചപ്പോള്‍ എസ്.ഐ ഗോപകുമാര്‍ നിന്നെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കുകയില്ലെന്ന് വെല്ലുവിളിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
സബ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം 2014 നവംബര്‍ 11നു വൈകിട്ട് പുള്ളിക്കട കോളനിയിലെ കലുങ്കിലിരുന്ന കൃഷ്ണകുമാറിനെ ഈസ്റ്റ് പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതിനു ശേഷമാണു കൃഷ്ണകുമാറിനെ കാണാതായത്. കൃഷ്ണകുമാര്‍ പൊലിസ് കസ്റ്റഡിയില്‍ മരിക്കുകയും മൃതദേഹം ഈസ്റ്റ് പൊലിസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ മറവു ചെയ്തിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
മാതാവ് അന്നത്തെ ആഭ്യന്തരമന്ത്രിയെ കണ്ടു പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണത്തിനു ഉത്തരവിട്ടിട്ടും പൊലിസ് എഫ്.ഐ.ആര്‍ ഇട്ടിരുന്നില്ല.
ഇതിനെ തുടര്‍ന്നാണു മാതാവ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയെങ്കിലും കൃഷ്ണകുമാര്‍ ആന്ധ്രയില്‍ ഉണ്ടെന്ന് പൊലിസ് കോടതിയില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നു കോടതി കേസ് അവസാനിപ്പിച്ചു.
എന്നാല്‍ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ മാതാവ് ക്രിമിനല്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
കേസില്‍ അന്വേഷണം നിലവിലുള്ള ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും മാറ്റി ഡിവൈ.എസ്.പിയെകൊണ്ട് അന്വേഷിപ്പിക്കുന്നതിനു ഹൈക്കോടതി ജസ്റ്റിസ് രാജവിജയരാഘവന്‍ ഉത്തരവിടുകയായിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാറിനെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തതായി പൊലിസിന് വിവരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."