ഡിജിറ്റല്‍ പണമിടപാട് ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ ഭരണകൂടം ഒരുക്കം തുടങ്ങി
കോട്ടയം: ഡിജിറ്റല്‍ പണമിടപാട് ഊര്‍ജ്ജിതമാക്കുന്നതിന് ജില്ലാ ഭരണകൂടം തയ്യാറെടുപ്പുകളാരംഭിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കായി കലക്ട്രേറ്റില്‍ സംഘടിപ്പിച്ച പരിശീലന ക്ലാസ്സില്‍ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ സി.എ.ലത വിശദീകരിച്ചു. മൊബൈല്‍ ഫോണ്‍, ആധാര്‍ ഉള്‍പ്പടെ അഞ്ച് സംവിധാനങ്ങള്‍ ഉപയോഗിച്ച് നോട്ടു രഹിത വിനിമയം ജില്ലയില്‍ സാദ്ധ്യമാക്കാനാണ് നീക്കം. എല്ലാ കച്ചവടവും കറന്‍സി വിനിമയമില്ലാത്ത തരത്തിലേക്ക് മാറ്റും.
വകുപ്പുകളില്‍ നിന്നുള്ള സാമ്പത്തിക സഹായം ഗുണഭോക്താക്കള്‍ക്ക് പുതിയ രീതിയിലാകും ലഭ്യമാക്കുക. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളും, ബാങ്കുകളും, മാധ്യമങ്ങളും മുഖേന ഇതു സംബന്ധിച്ച അവബോധം പൊതുജനങ്ങളില്‍ എത്തിക്കും. അക്ഷയ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കാവശ്യമായ സാങ്കേതിക സഹായവും ഉറപ്പുവരുത്തും. കൂടുതല്‍ ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍് ട്രെയിനര്‍മാരെ സജ്ജമാക്കും.
എല്ലാ വകുപ്പിലേയും മുഴുവന്‍ ജീവനക്കാര്‍ക്കും പരിശീലനം ഉറപ്പുവരുത്തുന്നതിന് നോഡല്‍ ഓഫീസര്‍മാരെ തെരഞ്ഞെടുത്ത് ചുമതലപ്പെടുത്തും. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ എസ്.ബി.റ്റിയുടെ ഐ.റ്റി. വിദ്ഗധന് മണിലാല്‍ ക്ലാസ്സെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എസ്.ലതി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."