ഇടുക്കി ജില്ലയില്‍ പൊലിസിന്റെ പ്രവര്‍ത്തനം സജീവമാക്കാന്‍ കര്‍മ പദ്ധതികള്‍
തൊടുപുഴ: ഇടുക്കി ജില്ലയില്‍ പുതുവര്‍ഷത്തില്‍ പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ്ജ് അറിയിച്ചു. പൊലിസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം ജന സൗഹൃദമാക്കുന്നതിനും ജനങ്ങള്‍ക്ക് നിര്‍ഭയമായി അവരുടെ പരാതികള്‍ സമര്‍പ്പിക്കുന്നതിനും അവയ്ക്ക് ന്യായമായ പരിഹാരങ്ങള്‍ ഉണ്ടാക്കുന്നതിനും സേനയെ സജ്ജമാക്കും. ഇതിന്റെ ഭാഗമായി പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ക്ലാസ്സുകളും പരിശീലനങ്ങളും നടത്തും. പൊലിസ് ഉദ്യോഗസ്ഥരുടെ സജീവ സാന്നിധ്യം ടൂറിസം മേഖലകളില്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 'കുമളി ടൂറിസം പൊലിസ്' മാതൃകയില്‍ മൂന്നാറിലും ടൂറിസം പൊലിസ് യൂണിറ്റ് ആരംഭിക്കും.
പൊലിസ് ഉദ്യോഗസ്ഥരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും ഉല്ലാസത്തിനും വേണ്ടി കൗണ്‍സിലിങ്ങും, യോഗ, സ്‌ട്രെസ്സ് മാനേജ്‌മെന്റ് ക്ലാസുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. മാങ്കുളം, ഉടുമ്പന്‍ചോല, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ പൊലിസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിനും, കോവില്ലൂര്‍, ഇടമലക്കുടി, വെണ്മണി, പെരിങ്ങാശേരി എന്നീ സ്ഥലങ്ങളില്‍ പുതിയ പൊലിസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും.
ജനങ്ങളും പൊലിസുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ജനമൈത്രി പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനോടൊപ്പം കൂടുതല്‍ പൊലിസ് സ്‌റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. പൊലിസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും അഴിമതി വിമുക്തവുമാക്കും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കും. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് വേണ്ടി ശാസ്ത്രീയമായ കുറ്റാന്വേഷണ രീതികള്‍ അവലംബിക്കും. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുറക്കുന്നതിനും അവയുടെ വിപണനം, വിതരണം എന്നിവ തടയുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. അനധികൃത മദ്യ - മയക്കുമരുന്ന് വില്‍പ്പന തടയുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള നടപടികള്‍ സ്വീകരിക്കും.
2016 നവംബര്‍ വരെ മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം 1,81,479 പെറ്റി കേസുകള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇത് 2015 ല്‍ 1,57,162 ആയിരുന്നു. 24,317 പെറ്റി കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2016 നവംബര്‍ വരെ 295,67,950 രൂപ ഫൈന്‍ ആയി ഈടാക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 52,64,400 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി. നവംബര്‍ 30 വരെ ഹെല്‍മറ്റ് ധരിക്കാത്തവരുടെ പേരില്‍ 43,978 പെറ്റി കേസുകളെടുത്തിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 24,754 ആളുകളുടെ പേരിലും, മദ്യപിച്ചു വാഹനം ഓടിച്ചവരുടെ 6,223 ആളുകളുടെ പേരിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആക്‌സിഡന്റ് കേസുകള്‍ 2015 ല്‍ 1,142 ആയിരുന്നത് 2016 ല്‍ 1,032 ആയി കുറയ്ക്കുവാന്‍ കഴിഞ്ഞു.
മോഷണം, കവര്‍ച്ച, കൊള്ള മുതലായവ തടയുന്നതിനും, അവ നടന്നാല്‍ താമസംവിന കുറ്റവാളികളെ കണ്ടെത്തുന്നതിനും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമവും കുറ്റകൃത്യവും തടയുന്നതിനും സ്ത്രീ സുരക്ഷാ ഉറപ്പുവരുത്തുന്നതിനും, വൃദ്ധ ജനങ്ങള്‍ക്ക് സംരക്ഷണവും സഹായവും ചെയ്യുന്നതിനും പ്രത്യേകമായ പരിഗണന നല്‍കും.
കുട്ടികള്‍ക്കെതിരെയുള്ള വിവിധ തരത്തിലുള്ള അതിക്രമങ്ങളായ ബാലവേല, ലൈംഗിക ചൂഷണം, ശൈശവ വിവാഹം എന്നിവ തടയുന്നതിനും, കുട്ടികളെ തങ്ങളുടെ അവകാശങ്ങളെകുറിച്ച് ബോധവന്‍മാരക്കുന്നതിനും പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. എസ്.പി .സി പദ്ധതി ഇപ്പോള്‍ത്തന്നെ 30 വിദ്യാലയങ്ങളില്‍ നടത്തിവരുന്നുണ്ട്. ഇത് കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കും. സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വില്‍പ്പന തടയുന്നതിന് കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും അന്യസംസ്ഥനങ്ങളില്‍ നിന്നുള്ള മയക്ക് മരുന്ന് കള്ളകടത്തു തടയുന്നതിനുവേണ്ടി കൂടുതല്‍ പരിശോധനയും ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."