30 കോടി രൂപയുടെ വ്യാജ ചെക്ക്: ഗ്യാസ് ഏജന്‍സി ഉടമയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: വ്യാജ ചെക്ക് ബാങ്കില്‍ നല്‍കിയ കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം എസ്.ഐ പി. പ്രമോദ് അറസ്റ്റ് ചെയ്തു. മംഗല്‍പാടി നയാബസാറിലെ ഇന്ത്യന്‍ ഗ്യാസ് ഏജന്‍സി ഉടമ ഇ.സനില (35), കുടുംബ സുഹൃത്തും മഞ്ചേശ്വരം സ്വദേശിയുമായ പ്രകാശന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ 30 കോടിയിലധികം രൂപയുടെ വ്യാജ ചെക്കാണ് ബാങ്കില്‍ നല്‍കിയത്.
കര്‍ണാടക ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ബാങ്ക് ഓഫ് മൈസൂരുവിന്റെ ബംഗളൂരു ശാഖയിലെ വ്യാജ ചെക്കാണ് ഫെഡറല്‍ ബാങ്കിന്റെ ഉപ്പള ശാഖയില്‍ മാറാന്‍ നല്‍കിയത്. ബംഗളൂരുവില്‍ സ്വന്തമായുണ്ടായിരുന്ന സ്ഥാപനം കത്തിനശിച്ചതിനു ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കിയ തുകയാണിതെന്നാണ് ബാങ്ക് അധികൃതരെ ഇവര്‍ അറിയിച്ചിരുന്നത്.
വലിയ തുകയ്ക്കുള്ള ചെക്കായതിനാല്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ മൈസൂരു ബാങ്കിന്റെ ബംഗളൂരു ശാഖയുമായി ബന്ധപ്പെട്ടപ്പോള്‍ ഇതേ ചെക്ക് നമ്പറില്‍ ഒരുലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നതായി കണ്ടെത്തി. വ്യാജ ചെക്കാണെന്ന് മനസിലായ ഫെഡറല്‍ ബാങ്ക് ഉപ്പള ശാഖാ മാനേജര്‍ മഹേഷ് മാധവന്‍ ഉടന്‍ മഞ്ചേശ്വരം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
ഗ്യാസ് ഏജന്‍സി നടത്തിയ വകയില്‍ സനിലക്കും ഭര്‍ത്താവിനും വന്‍തുക ബാധ്യതയുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി പ്രകാശനാണ് ചെക്ക് നല്‍കിയതെന്ന് സനില പൊലിസിന് മൊഴി നല്‍കി. എന്നാല്‍ ചെക്കില്‍ തുക എഴുതിയത് സനിലയാണ്. ബംഗളൂരുവിലെ ഇന്‍ഷുറന്‍സ് കമ്പനി ഏജന്റാണ് തനിക്ക് ചെക്ക് നല്‍കിയതെന്ന് പ്രകാശന്‍ പൊലിസിനോട് പറഞ്ഞു. സമാന രീതിയില്‍ നേരത്തെ ഒരു ലക്ഷം വീതം രണ്ടുതവണ തട്ടിയെടുത്തതായി പൊലിസ് സംശയിക്കുന്നുണ്ട്.
വ്യാജ ചെക്ക് കര്‍ണാടകയില്‍ നിന്ന് പകര്‍പ്പെടുത്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും ഭീമമായ തുക ഇന്‍ഷുറന്‍സായി നല്‍കാറില്ലെന്നും പൊലിസ് പറഞ്ഞു. കാസര്‍കോട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുള്ള ഹൊസ്ദുര്‍ഗ് ജെ.എഫ്.സി.എം കോടതി രണ്ടുപേരേയും റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."