സാമ്പത്തിക ഉപരോധത്തില്‍നിന്ന് പിന്‍മാറില്ലെന്ന് നാഗാതീവ്രവാദികള്‍;മണിപ്പൂരില്‍ പട്ടാളം എത്തിത്തുടങ്ങി
ഇംഫാല്‍: മണിപ്പൂരില്‍ രണ്ടുമാസത്തിലധികമായി യുനൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തിവരുന്ന സാമ്പത്തിക ഉപരോധത്തില്‍നിന്നു പിന്മാറില്ലെന്ന് നാഗാ തീവ്രവാദികള്‍ നിലപാട് കടുപ്പിച്ചു. അതേസമയം, സാമ്പത്തിക ഉപരോധത്തെ നേരിടാന്‍ മണിപ്പൂരില്‍ കേന്ദ്രസേന എത്തിത്തുടങ്ങി. 4,000 അംഗങ്ങളുള്ള സൈനിക സംഘത്തെ വിന്യസിക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതില്‍ പകുതിയോളം പട്ടാളക്കാര്‍ മണിപ്പൂരിലെത്തിയിട്ടുണ്ട്.
മണിപ്പൂര്‍ സര്‍ക്കാര്‍ നാഗാ കൗണ്‍സില്‍ നേതൃത്വത്തോടു കൂടിയാലോചിക്കാതെ പുതിയ ഒന്‍പതു ജില്ലകള്‍ പ്രഖ്യാപിച്ചതാണ് മണിപ്പൂരില്‍ സാമ്പത്തിക ഉപരോധത്തിനു നാഗാതീവ്രവാദികളെ പ്രേരിപ്പിച്ചത്. മണിപ്പൂരില്‍ അവശ്യസാധനങ്ങള്‍ ലഭിക്കാതായതോടെ മണിപ്പൂരികളും ആയുധമേന്തി പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. ഇതോടെയാണ് മണിപ്പൂരില്‍ സേനയെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പട്ടാളത്തെ ഉപയോഗിച്ചു നാഗാതീവ്രവാദികളെ നേരിടാനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍തന്നെ മണിപ്പൂരില്‍ 2,000ത്തിലധികം പട്ടാളക്കാര്‍ ക്രമസമാധാന ചുമതലയിലുണ്ട്. ഇതിനുപുറമെയാണ് 4,000 പട്ടാളക്കാരെ കൂടി രംഗത്തിറക്കുന്നത്.
നാഗാമലനിരകള്‍ കേന്ദ്രീകരിച്ച് ഇത്രയും പട്ടാളക്കാര്‍ രംഗത്തുവരുന്നതോടെ പ്രക്ഷോഭത്തിന്റെ ഗതിമാറ്റിവിടാമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ജില്ലാപ്രഖ്യാപനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാതെ സാമ്പത്തിക ഉപരോധത്തില്‍നിന്നു തങ്ങളും പിന്മാറില്ലെന്നാണ് നാഗാ തീവ്രവാദികളുടെ നിലപാട്. നാഗന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള ഗിരിബാം കുന്നുകള്‍ ചേര്‍ത്തു പുതിയ ഒന്‍പതു ജില്ലകള്‍ പ്രഖ്യാപിച്ച മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ പട്ടാളത്തെയും നേരിടുമെന്ന് നാഗാ നേതാക്കള്‍ വ്യക്തമാക്കി.
എന്നാല്‍ നാഗാഗ്രൂപ്പുകളുടെ ശക്തികേന്ദ്രങ്ങളിലാണ് ഇപ്പോള്‍ സൈന്യത്തെ വിന്യസിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ ഈ മേഖല കൂടുതല്‍ പ്രക്ഷുബ്ധമാകാനാണു സാധ്യത. സാമ്പത്തിക ഉപരോധത്തില്‍ നട്ടംതിരിയുന്ന മണിപ്പൂരികള്‍ക്ക് ഇതു കൂനിന്മേല്‍ കുരുവാകുമെന്ന കാര്യത്തിലും സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."