ബാലുശ്ശേരി പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാലിന്
ബാലുശ്ശേരി: പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെ നാലിന് തെരഞ്ഞെടുക്കും. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി രവീന്ദ്രനാഥിനെതിരേ പത്താംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന പരാതിയില്‍ പൊലിസ് പോക്സോ പ്രകാരം കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് രവീന്ദ്രനാഥ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൊലിസ് കേസെടുത്തെങ്കിലും ഒളിവില്‍ കഴിയുന്നതിനാല്‍ രവീന്ദ്രനാഥിന്റെ അറസ്റ്റും നീണ്ടുപോകുകയാണ്. അറസ്റ്റ് ഒഴിവാക്കുന്നതിന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
നിലവിലെ 17 അംഗ ഭരണ സമിതിയില്‍ സി.പി.എം-7, കോണ്‍ഗ്രസ്-6, എന്‍.സി.പി-2, ബി.ജെ.പി-2 എന്നിങ്ങനെയാണ് കക്ഷിനില. തെരഞ്ഞെടുപ്പിന് രവീന്ദ്രനാഥ് എത്തിയാലുടനെ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് പൊലിസ്. അങ്ങനെ വന്നാല്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും എട്ടു വീതം സീറ്റുകളാകും. ഇവിടെ രണ്ട് അംഗങ്ങളുള്ള ബി.ജെ.പിയുടെ നിലപാട് നിര്‍ണായകമാകും. ആരെ സ്ഥാനാര്‍ഥിയാക്കണമെന്നും എന്തു നിലപാടെടുക്കണമെന്നും മുന്നണികളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എന്‍.പി നദീഷ്കുമാര്‍, രൂപ ലേഖ കൊമ്പിലാട് എന്നിവരിലൊരാള്‍ സി.പി.എം സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസില്‍ കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കെ.കെ പരീദിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."