മദ്യം വിളമ്പരുത്; മനം തളരാതെ ആദിവാസി അമ്മമാര്‍
മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ മദ്യ വില്‍പനശാല പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ നടത്തുന്ന സഹനസമരം ഇന്നേക്ക് 343 നാള്‍ പിന്നിടുന്നു. കഴിഞ്ഞ ജനുവരി 24നാണ് തങ്ങളുടേയും നിരവധി കുടുംബങ്ങളുടേയും സമാധാനം തകര്‍ത്ത മദ്യശാലക്കെതിരേ ഇവര്‍ സമരമുഖത്തെത്തിയത്. ഇത്രയും നാളുകള്‍ക്കിടയില്‍ പലതും സഹിച്ചും ത്യജിച്ചും ഈ അമ്മമാര്‍ സമര പന്തലില്‍ തുടരുകയാണ്.
ഇതിനിടയില്‍ ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രിം കോടതി ഉത്തരവ് ഇവര്‍ക്കാശ്വാസമായെത്തിയെങ്കിലും മാനന്തവാടിയിലെ ബീവറേജ് ഔട്ട്‌ലറ്റ് ഇതില്‍ പെടില്ലെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. വെള്ള സോമന്‍, മാക്കമ്മ പയ്യമ്പള്ളി, കാക്കമ്മ, ചിട്ടാങ്കി, ജാനു, കമല, ശോഭ, സുശീല, മുണ്ടത്തി, പത്മാവതി, ബിന്ദു, ജോചി, ചിന്നു, മെഴ്‌സി ചെറിയാന്‍ തുടങ്ങിയവരാണ് സമരപന്തലില്‍ അധികൃതരുടെ അവഗണനയേറ്റിട്ടും ദിനവുമെത്തുന്നത്. സമരപ്പന്തലില്‍ സ്ഥിരമായെത്തുന്നവരില്‍ ചിലര്‍ ഇടവിട്ട ദിവസങ്ങളില്‍ കൂലിപ്പണിക്ക് പോയി കിട്ടുന്ന തുകയാണ് സമരത്തിനെത്തുന്നവരുടെ ഉച്ചക്കഞ്ഞിയും യാത്രാക്കൂലിയും.
പയ്യമ്പള്ളി, പുതുയിടം, പൊട്ടന്‍കൊല്ലി തുടങ്ങി സമീപപ്രദേശത്തെ ഏതാനും സ്ത്രീകള്‍ ചേര്‍ന്നായിരുന്ന സമരത്തിന് തുടക്കമിട്ടത്. ആദിവാസി ഫോറത്തിന്റയും കൂടി പിന്തുണയോടെ തുടങ്ങിയ സമരത്തില്‍ പിന്നീട് നിരവധി രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍ പിന്തുണയുമായെത്തി.
ദയാഭായി, സോണിയ മല്‍ഹാര്‍, തായാട്ട് ബാലന്‍, ഗീതാനന്ദന്‍, ജേക്കബ് വടക്കാഞ്ചേരി തുടങ്ങി നിരവധി സാംസ്‌കാരിക നായകന്മാരും സമരപ്പന്തലിലെത്തി. എന്നിട്ടും മദ്യം വിപത്തെന്നു പറഞ്ഞു ബോധവല്‍കരണത്തിന് ലക്ഷങ്ങള്‍ പൊടിക്കുന്ന ഭരണകൂടങ്ങള്‍ ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ്.
സമരക്കാര്‍ക്കെതിരേ ഇതിനകം നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയം മന്ത്രിസഭയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് സ്ഥലം എം.എല്‍.എ ഒ.ആര്‍ കേളു പറഞ്ഞിരുന്നെങ്കിലും തുടര്‍ന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ കാര്യമായ ഇടപെടലുകളുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."