അന്വേഷണത്തിന് മൂന്നംഗ സമിതി; റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണം
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ പ്രസവ വാര്‍ഡിനടുത്തുള്ള ടോയ്‌ലറ്റില്‍ ദലിത് യുവതി പ്രസവിക്കാനിടയായതു സംബന്ധിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളജ് സുപ്രണ്ട്, ഗൈനക്കോളജി മേധാവി എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കാനാണ് നിര്‍ദേശം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മെഡിക്കല്‍ കോളജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് സംഭവത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ ധാരണയായത്. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ അന്വേഷണ വിധേയമായി മാറ്റിനിര്‍ത്താനും തീരുമാനമായി.
ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇത്തരത്തിലൊരു സംഭവമെന്നുകാണിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ മുസ്‌ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധ സമരം നടത്തിയിരുന്നു. യുവജന സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി. അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് സംഭവത്തിനു പിന്നിലെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചു.
പടിഞ്ഞാറ്റുമുറി കൂട്ടിലങ്ങാടി സ്വദേശിയായ ദലിത് യുവതിയാണ് വെള്ളിയാഴ്ച വൈകിട്ടോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവ വാര്‍ഡിനുള്ളിലെ ടോയ്‌ലറ്റില്‍ പ്രസവിച്ചത്. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ഇവര്‍ക്കു വൈകിട്ടോടെ പ്രസവവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു ബന്ധപ്പെട്ട നഴ്‌സുമാരോട് വിവരം അറിയിച്ചങ്കിലും മൂത്രമൊഴിച്ചാല്‍ വേദന ശമിക്കുമെന്നു പറഞ്ഞു നിര്‍ബന്ധിച്ചു ടോയ്‌ലറ്റിലേക്കു പറഞ്ഞയക്കുകയാണ് ചെയ്തതെന്നും ഇതാണ് ടോയ്‌ലറ്റിനകത്ത് പ്രസവിക്കാന്‍ ഇടയായതെന്നും കാണിച്ചു യുവതി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി,പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, ജില്ലാ കലക്ടര്‍, മെഡി.കോളജ് സുപ്രണ്ട് എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു.
സംഭവസമയം ഡോക്ടര്‍മാരോ നഴ്്‌സുമാരോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും സംഭവത്തെ സംബന്ധിച്ച് അധികൃതരെ അറിയിച്ചപ്പോള്‍ ഇതിവിടെ സാധാരണമാണന്നും കഴുകി വൃത്തിയാക്കിവേണം കൂടെയുള്ളവര്‍ പോകാനെന്നും പറഞ്ഞ് അധികൃതര്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."