ഉമ്മന്‍ചാണ്ടിയുടെ പിന്‍വാങ്ങല്‍ എ ഗ്രൂപ്പ് ശക്തമാക്കാന്‍
തിരുവനന്തപുരം: ചുമതലകളില്‍ നിന്നു മാറി സാധാരണ പ്രവര്‍ത്തകനായി തുടരാന്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് നേതൃത്വത്തെ താല്‍പര്യമറിയിച്ചത് എ ഗ്രൂപ്പ് ശക്തമാക്കാനുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍. സംഘടനാ തെരഞ്ഞെടുപ്പിനു മുമ്പ് ഗ്രൂപ്പ് ശക്തമാക്കാനാണ് നീക്കം. അതിനുള്ള ഒത്തുചേരലുകള്‍ക്ക് പാര്‍ട്ടിയുടെ താഴേക്കിടയില്‍ വരെ ഒരുക്കം സജീവമായിട്ടുണ്ട്. ഉയര്‍ന്ന ചുമതലകളിലിരുന്ന് ഇത്തരം നീക്കങ്ങള്‍ നടത്തുന്നു എന്ന ആരോപണമുയരുന്നത് ഒഴിവാക്കാനാണ് അദ്ദേഹം മാറിനില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് എന്നറിയുന്നു.
അടുത്ത ദിവസങ്ങളില്‍ അദ്ദേഹം വിവിധ ജില്ലകളിലെത്തുന്നുണ്ട്. അവിടെയൊക്കെ എ ഗ്രൂപ്പിന്റെ ഒത്തുചേരലുകളുണ്ടാകുമെന്നാണ് ഗ്രൂപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒട്ടും ഔദ്യോഗിക സ്വഭാവമില്ലാത്ത രൂപത്തിലാണ് ഒത്തുചേരലുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്ക് എത്തുമ്പോള്‍ സൗഹൃദ ഒത്തുചേരലെന്ന മട്ടിലുള്ള ആശയവിനിമയമായിരിക്കും നടക്കുക. പരിപാടി നടക്കുന്ന വേദിക്കു പരിസരത്തുള്ള സ്ഥലങ്ങളിലായാണ് ഒത്തുചേരലുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്ത് തലം വരെയുള്ള ഗ്രൂപ്പ് യോഗങ്ങള്‍ക്ക് നീക്കം നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യമില്ലാതെ തന്നെ പ്രാദേശിക എ ഗ്രൂപ്പ് നേതാക്കളുടെ ഒത്തുചേരലുകള്‍ ആരംഭിച്ചിട്ടുമുണ്ട്. പാര്‍ട്ടിക്കുള്ളില്‍ പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുത്ത് ഉണര്‍വോടെ പ്രവര്‍ത്തിച്ചാല്‍ വരാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് എ ഗ്രൂപ്പ്.
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കുമതിരായ നീക്കമെന്ന നിലയിലേക്ക് പുതിയ കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവരാനാണ് എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. പഴയ വിശാല ഐ ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്നവരില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ ചെന്നിത്തലയ്‌ക്കൊപ്പമില്ല. സുധീരനാണെങ്കില്‍ രണ്ടു ഗ്രൂപ്പുകളുടെയും എതിര്‍പ്പ് നേരിടുന്നുമുണ്ട്. ടി.എന്‍ പ്രതാപനെപ്പോലെയുള്ള ചില രണ്ടാംനിര നേതാക്കളാണ് സുധീരനൊപ്പമുള്ളത്.
ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ കണക്കുകൂട്ടല്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും ജനകീയന്‍ ഉമ്മന്‍ ചാണ്ടി തന്നയാണെന്ന് പാര്‍ട്ടിക്കാരെല്ലാം തന്നെ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംവിധാനത്തിന് പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുണ്ടാകുമെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പ്രതീക്ഷ.
കൂടാതെ കെ. മുരളീധരനടക്കം പഴയ ഐ ഗ്രൂപ്പിലെ ചില പ്രമുഖരുടെ സൗഹൃദവും എ ഗ്രൂപ്പ് നീക്കത്തിന് ഊര്‍ജം പകരുന്നുണ്ട്. അവരില്‍ ചിലരെ ഈ കൂട്ടായ്മയുടെ മുന്‍നിരയില്‍ തന്നെ കൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കവുമുണ്ടാകും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരേ മുരളീധരന്‍ വിമര്‍ശനമുന്നയിച്ചത്. അതിനെ പ്രതിരോധിക്കാന്‍ മുന്‍നിര നേതാക്കളാരും മുന്നോട്ടുവരാതിരുന്ന സാഹചര്യം എ ഗ്രൂപ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്. തുടര്‍ന്നുള്ള നീക്കങ്ങളിലും മുരളീധരന്‍ എ ഗ്രൂപ്പിനൊപ്പം സഹയത്രികനെന്ന നിലയില്‍ മുന്‍നിരയില്‍ ഉണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."