ജെല്ലിക്കെട്ട്: ഡി.എം.കെയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്
ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനെതിരായ ഡി.എം.കെ നീക്കത്തിന് കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു. നാളെ ഡി.എം.കെയുടെ നേതൃത്വത്തില്‍ ജെല്ലിക്കെട്ടിനെതിരേ പ്രതിഷേധം നടക്കുന്നുണ്ട്. ഇതിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുബ്ബുരാമന് തിരുനാവുക്കരശ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജെല്ലിക്കെട്ട് പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഡി.എം.കെയുടെ പ്രതിഷേധത്തിനോട് യോജിക്കാനും പ്രചാരണം നടത്താനും കോണ്‍ഗ്രസ് തയാറാണെന്ന് മധുരയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുനാവക്കരശ് അറിയിച്ചു.
തമിഴ്നാട്ടിലെ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ടിനെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും തയാറാകാത്ത സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന് അറിയിച്ചിരുന്നു.
അതേസമയം ഡി.എം.കെയോടുള്ള കോണ്‍ഗ്രസിന്റെ അനുകൂല നീക്കം രാഷ്ട്രീയമായി വലിയ ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നുണ്ട്. അണ്ണാ ഡി.എം.കെ തമിഴ്നാട് രാഷ്ട്രീയത്തില്‍ ശക്തമാക്കിയ സ്വാധീനത്തിന് തടയിടാനും ഭരണ പങ്കാളിത്തത്തിലേക്ക് ഉയരാനും ഡി.എം.കെയെ കൂട്ടുപിടിച്ചാല്‍ സഹായകമാകുമെന്ന വീക്ഷണമാണ് കോണ്‍ഗ്രസ് ജെല്ലിക്കെട്ട് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."