രഞ്ജി ട്രോഫി സെമി: ഗുജറാത്തിനു മികച്ച തുടക്കം; തമിഴ്നാട് പൊരുതുന്നു
നാഗ്പൂര്‍: രഞ്ജി ട്രോഫി സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ ജാര്‍ഖണ്ഡിനെതിരേ ഗുജറാത്തിനു മികച്ച തുടക്കം. അതേസമയം മുംബൈ- തമിഴ്നാട് പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ തമിഴ്നാട് മികച്ച സ്കോറിനായി പൊരുതുന്നു.
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ജാര്‍ഖണ്ഡിനെതിരേ ഗുജറാത്ത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെന്ന മികച്ച നിലയില്‍. ഓപണര്‍ പ്രിയങ്ക് പഞ്ചാല്‍ പുറത്താകാതെ നേടിയ സെഞ്ച്വറിയുടെ (144) കരുത്തിലാണ് ഗുജറാത്ത് കുതിക്കുന്നത്. നായകന് പാര്‍ഥിവ് പട്ടേല്‍ 62 റണ്‍സുമായി പഞ്ചാലിനെ പിന്തുണച്ചു. കളി നിര്‍ത്തുമ്പോള്‍ 12 റണ്‍സുമായി ജുനേജയാണ് പഞ്ചാലിനൊപ്പം ക്രീസില്‍. സമിത് ഗോഹല്‍ (18), ഭാര്‍ഗവ് മെരായി (39), പാര്‍ഥിവ് (62) എന്നിവര്‍ പുറത്തായി.
ജാര്‍ഖണ്ഡ്- ഗുജറാത്ത് മത്സരം കാണാന്‍ ഇന്ത്യന്‍ ഏകദിന നായകനും ജാര്‍ഖണ്ഡ് താരവുമായ എം.എസ് ധോണി എത്തിയിരുന്നു. പരിശീലന സെഷനില്‍ യുവ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും നായകന് സമയം കണ്ടെത്തി.
മുംബൈയ്ക്കെതിരേ ആദ്യ ദിനത്തില്‍ തമിഴ്നാട് ആറു വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെടുത്തു. ഇന്ദ്രജിത് (64) ടോപ് സ്കോററായി. കൗശിക് ഗാന്ധി (50), അഭിനവ് മുകുന്ദ് (38) എന്നിവരും പിടിച്ചു നിന്നു. കളി നിര്‍ത്തുമ്പോള്‍ 41 റണ്‍സുമായി വിജയ് ശങ്കര്‍ ക്രീസിലുണ്ട്. ഒന്‍പത് റണ്‍സെടുത്ത അശ്വിന് ക്രിസ്റ്റാണ് വിജയിക്കൊപ്പമുള്ളത്. ശാര്‍ദുല്‍ താക്കൂര്‍, അഭിഷേക് നായര്‍ എന്നിവര്‍ മുംബൈ നിരയില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."