സമാജ്വാദി പാര്‍ട്ടി ദേശീയ കണ്വന്ഷന് മാറ്റി
ലക്നൗ: സമാജ്വാദി പാര്‍ട്ടി ദേശീയ കണ്വന്ഷന് മാറ്റി വച്ചു. ജനുവരി അഞ്ചിന് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് വിളിച്ചു ചേര്‍ത്ത കണ്‍വന്‍ഷനാണ് മാറ്റിവച്ചത്. പാര്‍ട്ടി വക്താവ് ശിവ്പാല്‍ യാദവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയിലെ പ്രതിസന്ധി ഒഴിയാതെ തുടരുന്നതിനിടയിലാണ് പുതിയ വാര്‍ത്ത പുറത്തുവന്നത്.
കഴിഞ്ഞ ദിവസം മുലായം സിങിന്റെ വിലക്ക് മറികടന്ന് സമ്മേളനം വിളിച്ചുചേര്‍ത്ത രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മുലായം സിങ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. സമ്മേളനത്തില്‍ അഖിലേഷും പങ്കെടുത്തിരുന്നു.
ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവിനെ പുറത്താക്കി പകരം മകന് അഖിലേഷ് യാദവിനെ നിയോഗിച്ചതായി സമ്മേളനത്തില്‍ രാംഗോപാല്‍ യാദവ് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയായിരുന്നു പുറത്താക്കല്‍.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് സമാജ് വാദി പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അടുത്ത അനുയായികളെ ഒഴിവാക്കി മുലായം സിങ് പട്ടിക പുറത്തിറക്കിയതോടെ മറ്റൊരു പട്ടിക അഖിലേഷ് പുറത്തിറക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അഖിലേഷിനെയും രാംഗോപാലിനെയും മുലായം പുറത്താക്കി. ഇതോടെ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തിയെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവരെയും തിരിച്ചെടുത്തു.
പക്ഷെ, ഇന്നലെ രാവിലെ രാംഗോപാലിന്റെ നേതൃത്വത്തില്‍ ലക്നൗവില്‍ യോഗം വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ദേശീയ അധ്യക്ഷനായി മുലായത്തിനു പകരം അഖിലേഷിനെ പ്രഖ്യാപിച്ചു. യോഗം ചേരുന്നതിനെ വിലക്കി മുലായം കത്ത് നല്‍കിയെങ്കിലും അഖിലേഷ് അടക്കം സംബന്ധിച്ചു. ഇതോടെയാണ് രാംഗോപാലിനെ പുറത്താക്കി കൊണ്ട് മുലായം പ്രസ്താവന ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."