സഊദിയില്‍ ജഡ്ജിയെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നു പേര് പിടിയില്‍
ദമ്മാം : ജഡ്ജിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേരെ സഊദി സുരക്ഷാ സേന പിടികൂടി. തട്ടിക്കൊണ്ടു പോകലിന് നേരിട്ട് ബന്ധമുള്ള മൂന്നുപേരെ അറസ്റ്റു ചെയ്തതായും മറ്റു മൂന്നു പേര്‍ക്കെതിരെ തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായും സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാസം 13 നാണു ശീഈകള്‍ തിങ്ങി താമസിക്കുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫ് നഗരത്തിലെ കോടതി ജഡ്ജിയായിരുന്ന ശെയ്ഖ് മുഹമ്മദ് അല്‍ ജീറാനിയെ സമീപത്തെ താറൂത്ത് ദ്വീപിലെ വീട്ടുമുറ്റത്ത് ദുരൂഹമായ സാഹചര്യത്തില്‍ തട്ടിക്കൊണ്ടുപോയത്.
സംഭവത്തിന് ദൃക്സാക്ഷിയായ ജീറാനിയുടെ ഭാര്യയാണ് വിവരം പൊലിസിനെ അറിയിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താനായി വ്യാപകമായ പരിശോധനയാണ് സുരക്ഷാ അധികൃതര്‍ നടത്തിയത്.
പിടികൂടിയ മൂന്നു പേര്‍ക്ക് വിദേശ തീവ്രവാദ സംഘങ്ങളുമായോ ഐ എസുമായോ ബന്ധമില്ലെന്നു ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി റിയാദില്‍ വാര്‍ത്താ ലേഖകരോട് വ്യക്തമാക്കി. പിടികിട്ടാപുള്ളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം ഭീമമായ സംഖ്യ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."