ബാലാവകാശ കമ്മിഷന്‍ നടപടി തുടങ്ങി; സംസ്ഥാനത്ത് മാപ്പിള കലണ്ടര്‍ നിര്‍ത്തലാക്കുന്നു
മലപ്പുറം: വേനല്‍ക്കാലത്തു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തു മാപ്പിള കലണ്ടര്‍ നിര്‍ത്തലാക്കാന്‍ നീക്കം. പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണു സംസ്ഥാന ബാലവകാശ കമ്മിഷന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചത്. സംസ്ഥാനത്തു പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി ജനറല്‍ കലണ്ടറിലും മാപ്പിള കലണ്ടറിലും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുണ്ട്. റമദാനില്‍ ഒരു മാസം അവധി നല്‍കി മധ്യവേനലില്‍ ഒരു മാസത്തെ അവധി അനുവദിക്കുന്ന രീതിയാണു മാപ്പിള കലണ്ടര്‍. ജൂണ്‍ മുതല്‍ ഏപ്രില്‍ വരെ പ്രവര്‍ത്തിക്കുന്നതാണിത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം മാപ്പിള കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന നിരവധി സ്‌കൂളുകളുണ്ട്.
ഈ സ്ഥിതിയില്‍ മാറ്റംവരുത്തി, റമദാനിലെ അവധി ഒഴിവാക്കി മധ്യവേനലില്‍ രണ്ടു മാസത്തെ അവധി ലഭിക്കുന്ന തരത്തില്‍ ജൂണ്‍ മുതല്‍ മാര്‍ച്ച് വരെ പ്രവര്‍ത്തിക്കുന്ന ജനറല്‍ കലണ്ടറിലേക്കു മാറ്റാനാണു നീക്കം. ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതിനു ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തു യോഗം ചേര്‍ന്നു. കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും നേതൃത്വത്തിലായിരുന്നു യോഗം. മാപ്പിള കലണ്ടര്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു പരാതി നല്‍കിയ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആളുകളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇത്തരത്തില്‍ 12 പരാതികളാണ് കമ്മിഷനു ലഭിച്ചത്.
പരാതിക്കാര്‍ക്കു പുറമേ, സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ജനപ്രതിനിധികള്‍, അതതു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, പ്രധാനാധ്യാപകര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മാപ്പിള കലണ്ടര്‍ നിര്‍ത്തലാക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യമെന്നു ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ പറയുന്നു. അഭിപ്രായം പരിഗണിച്ചു വിവിധ സംഘടനാനേതാക്കളുടെ യോഗം വിളിക്കും. സര്‍ക്കാര്‍തലത്തില്‍ വിഷയം അവതരിപ്പിച്ചു കലണ്ടര്‍ നിര്‍ത്തലാക്കുന്നതിനുള്ള പൊതുനിര്‍ദേശം പുറപ്പെടുവിക്കാനാകുമെന്നാണ് കമ്മിഷന്റെ പ്രതീക്ഷ.
2013ല്‍ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ കണക്കുപ്രകാരം സംസ്ഥാനത്ത് മാപ്പിള സ്‌കൂളുകളുടെ എണ്ണം 566 ആയി കുറഞ്ഞിരുന്നു. കടുത്ത ചൂട്, ശുദ്ധജല ലഭ്യതക്കുറവ് എന്നിവ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് അവധിക്കാല ക്ലാസുകള്‍ നടത്തുന്നതു ബാലാവകാശ കമ്മിഷന്‍ തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."