വൈവിധ്യസമൃദ്ധിയില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മാന്തോപ്പ്
അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ മേഖലാ ഗവേഷണകേന്ദ്രത്തിലുള്ള മാന്തോപ്പിനു(പ്രൊജനി ഓര്‍ച്ചാര്‍ഡ്) വൈവിധ്യ സമൃദ്ധിയുടെ മിനുക്കം. ഗവേഷണ കേന്ദ്രത്തില്‍ മൂന്ന് തോപ്പുകളിലായി നട്ടുവളര്‍ത്തുന്നത് 61 ഇനം മാവുകള്‍. വിദേശജാതികളും സങ്കരയിനങ്ങളും മാവുകളുടെ കൂട്ടത്തിലുണ്ട്.
തൈകളുടെ ഉത്പാദനത്തിനായി കമ്പുകള്‍ എടുക്കുന്നതിനു തയാറാക്കിയതാണ് പ്രൊജനി ഓര്‍ച്ചാര്‍ഡ്. തോപ്പുകളില്‍ ഒന്നിലെ മാവുകള്‍ക്ക് 17 വര്‍ഷമാണ് പഴക്കം. മറ്റൊന്നില്‍ 2007ല്‍ നട്ടതാണ് തൈകള്‍. രണ്ട് തോപ്പുകളിലുമായി ആകെ 49 ഇനങ്ങളാണുള്ളത്. അടുത്തിടെ ആരംഭിച്ചതാണു മൂന്നാമത്തെ തോപ്പ്. സങ്കരയിനത്തില്‍പ്പെട്ട 12 ഇനം തൈകളാണ് ഇതിലുള്ളത്.
ഏകേദേശം മൂന്ന് ഏക്കറിലാണ് ഗവേഷണ കേന്ദ്രത്തില്‍ കമ്പെടുപ്പിനായുള്ള മാവുകൃഷി. നീലം, ദില്‍പസന്ദ്, റുമാനി, അല്‍ഫോണ്‍സ്, മഹാരാജ പസന്ദ്, മല്‍ഗോവ, ഹുമയുദ്ദീന്‍-നീലം, മല്ലിക-ദപ്പേരി, അംറപാലി-നീലം, രത്‌ന-നീലം-അല്‍ഫോണ്‍സ, ഹുമയുദ്ദീന്‍, കലപ്പാടി-ആലമ്പൂര്‍ ബനീഷ്യന്‍, ബംഗരപ്പള്ളി-അല്‍ഫോണ്‍സ, നീലം-ഒല്ലൂര്‍, അഷറു പൂസ സമാര്‍, അമ്പലവയല്‍ ലോക്കല്‍, ലങ്ക്ര, നീല്‍കിരണ്‍, അംറപാലി, പ്രിയൂര്‍, സുവര്‍ണരേഖ, മനോരഞ്ജിതം, കലപ്പാടി, ജഹാംഗീര്‍...ഇങ്ങനെ നീളുന്നതാണ് തോപ്പുകളിലെ മാവിനങ്ങള്‍. 2000ലും 2007ലും ആരംഭിച്ച തോപ്പുകളിലെ മാവുകള്‍ നന്നായി ഫലം കായ്ക്കുന്നുമുണ്ട്. ഗവേഷണകേന്ദ്രത്തിലെ തോപ്പുകളിലുള്ള എല്ലായിനം മാവുകളും വയനാടിന്റെ കാലാവസ്ഥയ്ക്കു യോജിച്ചതാണെന്നു ഗവേഷണകേന്ദ്രം മേധാവി ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."