പീഡനശ്രമം: അന്വേഷണ ചുമതല പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിക്ക്
നിലമ്പൂര്‍: നിലമ്പൂര്‍ കക്കാടംപൊയിലിയില്‍ സഹോദരനോടൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലേക്കു പോയ മാധ്യമപ്രവര്‍ത്തകയായ യുവതിയെയും കൂടെയുണ്ടായിരുന്നവരേയും തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം.പി മോഹനചന്ദ്രനാണ് അന്വേഷണച്ചുമതല നല്‍കുന്നതെന്ന് ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ അറിയിച്ചു. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നു ഡി.ജി.പി.ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ഡിവൈ.എസ്.പിക്ക് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് മാധ്യമപ്രവര്‍ത്തകയായ യുവതിക്കും കൂടെയുണ്ടായിരുന്ന സഹോദരനടക്കമുള്ളവര്‍ക്കും മദ്യപ സംഘത്തിന്റെ വക മാനഹാനിയുണ്ടായത്. റോഡരികില്‍ മദ്യപിച്ചിരുന്ന എട്ടംഗസംഘമാണ് യുവതിയേയും കൂടെയുണ്ടായിരുന്നവരേയും ഭീഷണിപ്പെടുത്തുകയും കൈക്ക് പിടിച്ച് അപമാനിക്കുകയും ചെയ്തത്. ഇതുസംബന്ധിച്ച് അന്നു രാത്രിതന്നെ നിലമ്പൂര്‍ പൊലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പ്രതികളെ കുറിച്ചന്വേഷിക്കാന്‍ പൊലിസ് തയാറായില്ല. അവര്‍ മദ്യപിച്ച് കിടക്കുകയാണെന്നും ഇന്നിനി അവര്‍ വരില്ലെന്നും നാളെ നോക്കാമെന്നും പറഞ്ഞ് പൊലിസ് നിസംഗത കാണിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. അടുത്ത ദിവസം രാവിലെ ഒന്‍പതിനു യുവതി സ്‌റ്റേഷനിലെത്തിയെങ്കിലും പ്രതികളെല്ലാവരും സ്‌റ്റേഷനിലെത്തിയപ്പോഴേക്കും ഉച്ചയ്ക്കു മൂന്ന് പിന്നിട്ടിരുന്നു. അതില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതി എസ്.പിക്കും ഡി.ജി.പിക്കും വനിതാ കമ്മിഷനിലും നല്‍കിയത്. എന്നാല്‍, പ്രതികളെ നിസാര വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് അന്നുതന്നെ ജാമ്യത്തില്‍ വിടുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."