പൈതൃക നഗരത്തിനു നാണക്കേട്
തലശ്ശേരി: പൈതൃക നഗരമായ തലശ്ശേരിയുടെ 150-ാം വാര്‍ഷികാഘോഷത്തിനിടയിലും സ്ലാബിട്ടുമൂടാതെ കിടക്കുന്ന ഓടകള്‍ തലശ്ശേരിക്കു നാണക്കേടാവുന്നു.
നഗരത്തിന്റെ മുഖഛായ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴും തകര്‍ന്ന, സ്ലാബിടാത്ത ഓടകളെക്കുറിച്ച് അധികൃതര്‍ ചിന്തിക്കാത്തതാണ് ഈ അവസ്ഥയ്ക്കു കാരണം. ഏറെ തിരക്കേറിയ ലോഗന്‍സ് റോഡിലെ നടപ്പാത തകര്‍ന്നിട്ട് ഏറെ കാലമായി. ജൂണില്‍ നടന്ന നഗരസഭാ യോഗത്തില്‍ പൊട്ടിയ സ്ലാബുകള്‍ ഉടന്‍ നന്നാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം പൊതുമരാമത്ത് എന്‍ജിനിയറെ വിളിച്ചുവരുത്തി റിപ്പോര്‍ട് തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അതേ അവസ്ഥ തുടരുകയാണ്.
പൊതുമാരമത്ത് വകുപ്പിന് കീഴിലുള്ള ഒ.വി റോഡിലും ദേശീയപാതയായ ആസ്പത്രി റോഡകിരികലും നടപ്പാതകള്‍ തകര്‍ന്നിട്ടുണ്ട്. നഗരസഭാ ഓഫിസിനു സമീപം ഓടയ്ക്ക് സ്ലാബ് തന്നെയില്ല. ഗവ. ബ്രണ്ണന്‍ എച്ച്.എസ്.എസിലെയും ഗവ.ഗേള്‍സ് എച്ച്.എസ്.എസിലെയും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ നിത്യവും കടന്നുപോകുന്ന പാതയോരമാണിത്. കഴിഞ്ഞ വര്‍ഷം പുതിയ ബസ് സ്റ്റാന്‍ഡിലെയും ഈ വര്‍ഷം ഗുഡ്‌സ്‌ഷെഡ് റോഡരികിലെയും ഓടകളില്‍ മഴക്കാലത്ത് കാല്‍നടയാത്രികര്‍ വീണ് ഒഴുകിപ്പോയിരുന്നു. അപകടം ജനങ്ങളുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇവരുടെ ജീവന്‍ രക്ഷിക്കാനായത്.
അഞ്ചു വര്‍ഷം മുമ്പ് നാരങ്ങാപ്പുറത്ത് ഓടയില്‍ ഒരാള്‍ വീണതിനെത്തുടര്‍ന്ന് ഇദ്ദേഹം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെ എല്ലാ ഓടകള്‍ക്കും സ്ലാബിടണമെന്ന ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ആ ഉത്തരവ് ഇന്നും കടലാസിലാണ്. ദേശീയപാതയില്‍ ഓടകള്‍ വൃത്തിയാക്കി സ്ലാബ് ഇടുന്ന പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും നഗരത്തിലെ പാതയോരങ്ങള്‍ കാല്‍ നട യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തി ഇന്നും നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."