സൈക്കിള്‍ ചിഹ്നത്തിന് പിടിവലി: മുലായവും അഖിലേഷും തെരഞ്ഞെടുപ്പ് കമ്മിഷനെ കാണുന്നു
ന്യൂഡല്‍ഹി: ഭിന്നത രൂക്ഷമായ ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിനായി പിടിവലികള്‍ തുടങ്ങി. മുലായം സിങ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലാണ് പിടിവലി. സൈക്കിള്‍ ചിഹ്നം തന്റേതാണെന്ന് പറഞ്ഞ് അഖിലേഷ് ഡല്‍ഹിയിലെത്തി തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാനിരിക്കെയാണ് മുലായവും ചിഹ്നത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയത്.
പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തതന് ശേഷം അഖിലേഷ് മുലായത്തെ പാര്‍ട്ടിയുടെ മാര്‍ഗ ദര്‍ശിയായി പ്രഖ്യാപിച്ചിരുന്നു. അഛനെതിരെ മോശം പരാമര്‍ശങ്ങള്‍ പാടില്ലെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര സംഘര്‍ഷം വരും ദിവസങ്ങളില്‍ രാജ്യ തലസ്ഥാനിയില്‍ തുടരുന്ന സൂചനയാണ് കാണുന്നത്.
പാര്‍ട്ടിയുടെ ഭാവിയും പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പാക്കാന്‍ മുലായം സിങ് യാദവും ശിവ്പാല്‍ യാദവും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ അമര്‍സിങുമായും മുതിര്‍ന്ന അഭിഭാഷകരുമായും അദ്ദേഹം ചര്‍ച്ച നടത്തും.
കഴിഞ്ഞ ദിവസം മുലായം സിങിന്റെ വിലക്ക് മറികടന്ന് സമ്മേളനം വിളിച്ചുചേര്‍ത്ത രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മുലായം സിങ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. സമ്മേളനത്തില്‍ അഖിലേഷും പങ്കെടുത്തിരുന്നു.
ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവിനെ പുറത്താക്കി പകരം മകന്‍ അഖിലേഷ് യാദവിനെ നിയോഗിച്ചതായി സമ്മേളനത്തില്‍ രാംഗോപാല്‍ യാദവ് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയായിരുന്നു പുറത്താക്കല്‍.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് സമാജ് വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അടുത്ത അനുയായികളെ ഒഴിവാക്കി മുലായം സിങ് പട്ടിക പുറത്തിറക്കിയതോടെ മറ്റൊരു പട്ടിക അഖിലേഷ് പുറത്തിറക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അഖിലേഷിനെയും രാംഗോപാലിനെയും മുലായം പുറത്താക്കി. ഇതോടെ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തിയെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവരെയും തിരിച്ചെടുത്തു.
പക്ഷെ, ഇന്നലെ രാവിലെ രാംഗോപാലിന്റെ നേതൃത്വത്തില്‍ ലക്‌നൗവില്‍ യോഗം വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ദേശീയ അധ്യക്ഷനായി മുലായത്തിനു പകരം അഖിലേഷിനെ പ്രഖ്യാപിച്ചു. യോഗം ചേരുന്നതിനെ വിലക്കി മുലായം കത്ത് നല്‍കിയെങ്കിലും അഖിലേഷ് അടക്കം സംബന്ധിച്ചു. ഇതോടെയാണ് രാംഗോപാലിനെ പുറത്താക്കി കൊണ്ട് മുലായം പ്രസ്താവന ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."