ബി.സി.സി.ഐ ധാര്‍ഷ്ഠ്യത്തിന് പ്രഹരം
ന്യൂഡല്‍ഹി: ഒടുവില്‍ ബി.സി.സി.ഐയുടെ ധാര്‍ഷ്ഠ്യത്തിന്റെ പത്തിയില്‍ പരമോന്നത നീതി പീഠത്തിന്റെ പ്രഹരമേറ്റു. ലോകത്തിലെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ കായിക സംഘടനയായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഹാങ്കരത്തിനേറ്റ അടിയാണ് ഇപ്പോഴത്തെ കോടതി നടപടി. നിലവിലെ ഭരണ സമിതിയെ പിരിച്ചുവിടാനുള്ള കോടതി തീരുമാനം എല്ലാ അവസരങ്ങളും നല്‍കിയ ശേഷമുള്ളതാണ്.
ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കാനായി സുപ്രിം കോടതി നിയമിച്ച ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള സമിതി 2016 ജൂലൈ 18നു കോടതിയില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ഒന്നും പോലും നടപ്പാക്കാന്‍ മിനക്കെടാതെ തട്ടികൂട്ടു ന്യായം പറഞ്ഞ നീട്ടിക്കൊണ്ടു പോയ ബി.സി.സി.ഐ ഇത്തരമൊരു നടപടി ചോദിച്ചു വാങ്ങിയതാണ്.
രാഷ്ട്രീയവും കായികവും ഇഴചേര്‍ന്നു കിടക്കുന്നതാണു ഇന്ത്യയില്‍ എക്കാലത്തും കണ്ടിട്ടുള്ളത്. ബി.സി.സി.ഐ പോലുള്ള പണം വാരി സംഘടനകളുടെ തലപ്പത്ത് ഏറെക്കാലം കടിച്ചുതൂങ്ങി നില്‍ക്കുന്ന പലരേയും ഒഴിവാക്കി ക്രിക്കറ്റിനെ ശുദ്ധീകരിക്കാനുള്ള നിര്‍ണായക തീരുമാനങ്ങളാണ് ലോധ കമ്മിറ്റി മുന്നോട്ടു വച്ചത്. 70 കഴിഞ്ഞവരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊന്നും ബി.സി.സി.ഐ തലപ്പത്തെത്തരുതെന്നും മൂന്നു വര്‍ഷത്തിലേറെക്കാലം ബോര്‍ഡിന്റെ തലപ്പത്തെ സ്ഥാനങ്ങളില്‍ ഒരംഗവും തുടരരുതെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ രാഷ്ട്രീയക്കാരായ സ്ഥാന മോഹികളുടെ നെറ്റി ചുളിക്കുന്നതായിരുന്നു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതു വരെ വിവിധ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ നിന്ന് ബി.സി.സി.ഐയെ വിലക്കിയിരുന്നു. ലോധ സമിതി ശുപാര്‍ശ ചെയ്ത മാറ്റങ്ങള്‍ പൂര്‍ണമായി നടപ്പാക്കുമെന്നു ഉറപ്പു നല്‍കാന്‍ ബി.സി.സി.ഐ വിസമ്മതിച്ചതോടെയാണ് പണം കൈമാറുന്നതില്‍ നിന്നു ബോര്‍ഡിനെ കോടതി വിലക്കിയത്. സുപ്രിം കോടതിയുടെ നിര്‍ദേശം പോലും കാറ്റില്‍ പറത്താനുള്ള ശേഷിയുള്ളവര്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കുന്നുണ്ടെന്ന കാര്യം പകല്‍ പോലെ വ്യക്തമാക്കുന്നതായിരുന്നു ബോര്‍ഡിന്റെ സമീപനം. ബി.സി.സി.ഐ ഭരണഘടന ഒരുതരത്തിലുള്ള സുതാര്യതയും നല്‍കുന്നില്ലെന്നു വിമര്‍ശിക്കാന്‍ കോടതി തുനിഞ്ഞതും ഇക്കാരണത്താലാണ്.
താക്കൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ രാഷ്ട്രീയ ബാന്ധവത്തിന്റെ വര്‍ത്തമാന മുഖം
രാഷ്ട്രീയവും ക്രിക്കറ്റും ഒരു പോലെ വഴങ്ങിയ അനുരാഗ് താക്കൂര്‍ ശശാങ്ക് മനോഹറിന്റെ പിന്‍ഗാമിയായാണ് ബി.സി.സി.ഐ തലപ്പത്തെത്തിയത്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി കൂടിയായ താക്കൂര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ രാഷ്ട്രീയ ബാന്ധവത്തിന്റെ വര്‍ത്തമാന മുഖമായിരുന്നു. ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഹിമാചലിനെ പ്രതിനിധീകരിച്ച മുന്‍ താരം കൂടിയായ താക്കൂര്‍ കളിക്കാരനെന്നതിലുപരി സംഘടാകനെന്ന നിലയിലാണ് പേരെടുത്തത്. പ്രായം കുറഞ്ഞ ബി.സി.സി.ഐ പ്രസിഡന്റെന്ന പേരില്‍ തിളങ്ങി തുടങ്ങിയ താക്കൂറിന്റെ ഭാവി ലോധയുടെ കര്‍ശന നിയമാവലിയില്‍ തട്ടി ഇപ്പോള്‍ ചോദ്യ ചിഹ്നത്തിലായിരിക്കുകയാണ്. ഐ.സി.സിയുമായി നടത്തിയ കത്തിടപാടു സംബന്ധിച്ചു താക്കൂര്‍ കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന പ്രോസിക്യൂഷന്‍ ആരോപണത്തിന്റെ നൂലാമാലകള്‍ മുകളില്‍ വാളായി തൂങ്ങി നില്‍ക്കുമ്പോഴാണ് ബി.സി.സി.ഐയുടെ അധ്യക്ഷ പദവിയില്‍ നിന്നു താക്കൂറിനു ഇറങ്ങേണ്ടി വന്നത്. ഈ വിഷയത്തില്‍ നേരത്തെ സുപ്രിം കോടതിയുടെ കടുത്ത വിമര്‍ശനം താക്കൂറിനു നേരിടേണ്ടി വന്നിരുന്നു. ജയില്‍ ശിക്ഷ അനുഭവിക്കാന്‍ പര്യാപ്തമാണ് നടപടിയെന്നു വിമര്‍ശിച്ച കോടതി സത്യവാങ്മൂലം സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടിസും താക്കൂറിനു അയച്ചിട്ടുണ്ട്. വിഷയത്തില്‍ ഈ മാസം 19നു മുന്‍പ് മറുപടി നല്‍കണമെന്ന കടുത്ത നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. പുതിയ ഭരണ സമിതിയെ നിയമിക്കുന്നതു സംബന്ധിച്ചും അന്നു കോടതി തീരുമാനമെടുത്തേക്കും.
കെ.സി.എയിലും നേതൃമാറ്റം: ടി.സി മാത്യു സ്ഥാനമൊഴിഞ്ഞു; ബി വിനോദ് കുമാര്‍ പുതിയ പ്രസിഡന്റ്
കൊച്ചി: അനുരാഗ് താക്കൂറിനേയും അജയ് ഷിര്‍ക്കെയേയും പുറത്താക്കിയ സുപ്രിം കോടതി നടപടിക്കു പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനിലും അഴിച്ചുപണി. അധ്യക്ഷ സ്ഥാനത്തു നിന്നു ടി.സി. മാത്യുവും സെക്രട്ടറി സ്ഥാനത്തു നിന്നു അനന്തനാരായണനും ഒഴിഞ്ഞു. പുതിയ പ്രസിഡന്റായി ബി വിനോദ് കുമാറിനേയും സെക്രട്ടറിയായി ജയേഷ് ജോര്‍ജിനേയും തെരഞ്ഞെടുത്തു.
ഒന്‍പത് വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ടി.സി മാത്യു ഉള്‍പ്പടെയുള്ള ഭാരവാഹികള്‍ ലോധ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വിസമ്മതിച്ച സംസ്ഥാന അസോസിയേഷനുകളെയും ഭാരവാഹികളെയും പിരിച്ചുവിടാന്‍ സുപ്രിം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണു രാജിവച്ചത്. വൈസ് പ്രസിഡന്റുമാരായ എസ് ഹരിദാസ്, ടി.ആര്‍ ബാലകൃഷ്ണന്‍, സുനില്‍ കോശി എന്നിവരും സ്ഥാനമൊഴിഞ്ഞു.
ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കെ.സി.എ യുടെ പ്രത്യേക വാര്‍ഷിക ജനറല്‍ ബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെങ്കിലും ടി.സി മാത്യു ബി.സി.സി.ഐ യുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തു തുടരും.
നിലവില്‍ ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാണ് ബി വിനോദ്കുമാര്‍, സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയേഷ് ജോര്‍ജ് നിലവില്‍ കെ.സി.എ ട്രഷററാണ്. പുതിയ ട്രഷററായി ശ്രീജിത്ത് വി നായരെയും തെരഞ്ഞെടുത്തു. ശ്രീജിത്ത് വി നായര്‍ നിലവില്‍ ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാണ്. രജിത്ത് രാജേന്ദ്രന്‍, വി.ബി ഇഷാഖ്, നാസര്‍ മച്ചാന്‍ (വൈസ് പ്രസിഡന്റുമാര്‍), വി.ജി രഘുനാഥ് (ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."