ലോക ചെസിനെ നിയന്ത്രിക്കുന്ന ബിജുരാജിന് നാടിന്റെ ആദരം
കൊട്ടാരക്കര: ലോക ചെസ് കളിയെ നിയന്ത്രിക്കുന്ന മലയാളി യുവാവ് എസ്. ബിജുരാജിനെ കൊട്ടാരക്കരയിലെ വി. ഷംസുദ്ദീന്‍ സ്മാരക ട്രസ്റ്റ് ആദരിക്കുന്നു. 5ന് വൈകിട്ട് 3.30ന് കൊട്ടാരക്കര നാഥന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ബിജുരാജിനെ ആദരിക്കും. കൊട്ടാരക്കര കോട്ടാത്തല പണയില്‍ ദേവസേന നിവാസില്‍ പരേതനായ സുരേന്ദ്രന്റെയും ലളിതാ സുരേന്ദ്രന്റെയും മകനായ ബിജുരാജ്(39) അന്താരാഷ്ട്ര ചെസ് ആര്‍ബിറ്ററായ(റഫറി) ശേഷം ആദ്യമായാണ് ജന്മനാട് അംഗീകാരം നല്‍കുന്നത്.
ചെറുപ്പത്തില്‍ ചെസ് ചെസ് കളി തുടങ്ങിയതാണ് ബിജു. പതിനേഴാം വയസില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും അദ്ദേഹം സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചെസ് കളിക്കാരനായി മാറിയിരുന്നു. സര്‍വിസസ് ടീമില്‍ അംഗമായതോടെ ദേശീയതല മത്സരങ്ങളിലേക്ക് വഴി തുറന്നു. സഹപ്രവര്‍ത്തകനും ഇന്റര്‍നാഷണല്‍ ചെസ് റെഫറിയുമായ ഗോപകുമാറാണ് ബിജുരാജിലെ ചെസ് റഫറിയെ കണ്ടെത്തിയത്. 2012ല്‍ ദേശീയ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പും ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പും നിയന്ത്രിക്കാന്‍ അവസരമുണ്ടായിരുന്നു. 2013 ഒക്ടോബറില്‍ ഫിഡെ ആര്‍ബിറ്ററായി അംഗീകാരം ലഭിച്ചതോടെ ഇന്റര്‍നാഷനല്‍ ചെസ്സ് ഫെസ്റ്റിവല്‍, നാഷനല്‍ ചലഞ്ചേഴ്‌സ് ചാംപ്യന്‍ഷിപ്പ്, ഗുഡ്ഗാന്‍ ഇന്റര്‍നാഷണല്‍ ചെസ് ചാംപ്യന്‍ഷിപ്പ് എന്നീ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞ മെയ് മാസത്തിലാണ് അന്താരാഷ്ട്ര ചെസ് റഫറി (ആര്‍ബിറ്റര്‍) പദവിയിലേക്ക് ഉയര്‍ന്നത്. ഗ്രാന്റ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദും ഗ്യാരി കാസ്പറോവുമൊക്കെ ഇനി ബിജുരാജിന്റെ നിര്‍ദേശങ്ങള്‍ക്ക് ചെവിയോര്‍ക്കും. ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയവും ചെസിന് വേണ്ടി മാറ്റിവയ്ക്കാനുള്ള തയാറെടുപ്പിലാണിദ്ദേഹം. ഇന്ത്യയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ചെസ് പരിശീലന കേന്ദ്രം തുടങ്ങുകയാണ് ആദ്യ ലക്ഷ്യം.
തമിഴ്‌നാട്ടിലും ഗുജറാത്തിലും വിദേശ രാജ്യങ്ങളിലും ഉള്ളതുപോലെ കേരളത്തിലും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ചെസ് ഉള്‍പ്പെടുത്തണമെന്നാണ് ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം. പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനും ചിന്താശേഷി വര്‍ധിപ്പിക്കുന്നതിനും ഏകാഗ്രത ലഭിക്കുന്നതിനും ഇത് കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടും. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എല്ലാവിധ സഹായങ്ങളും ചെയ്ത് നല്‍കുമെന്നും ബിജുരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."