പുത്തന്‍ചിറയിലെ പൈതൃക സ്മാരകങ്ങള്‍ വിസ്മൃതിയിലേക്ക്
പുത്തന്‍ചിറ: നൂറ്റാണ്ടുകളുടെ കഥ പറയുന്ന പുത്തന്‍ചിറയിലെ പൈതൃക സ്മാരകങ്ങള്‍ വിസ്മൃതിയിലേക്ക്. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ചരിത്രമുറങ്ങുന്ന കരിങ്ങാച്ചിറയില്‍ തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട അഞ്ചല്‍പ്പെട്ടിയും പൊലിസ് സ്റ്റേഷനും ജയിലുമാണ് സംരക്ഷണ സംവിധാനങ്ങളില്ലാതെ കാലപ്പഴക്കത്താല്‍ നാശോന്‍മുഖമായിരിക്കുന്നത്. പുരാവസ്തു വകുപ്പും മറ്റ് ഉത്തരവാദിത്തപ്പെട്ട അധികൃതരും ഈ പൈതൃക സ്മാരകങ്ങളുടെ സംരക്ഷണ വിഷയത്തില്‍ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്. പൊലിസ് സ്റ്റേഷന്‍പൂര്‍ണമായി തകര്‍ന്ന് തെരുവ് നായ്കളുടെ താവളമായി മാറിയിരിക്കുകയാണ്. ജയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കഴുക്കോലും പട്ടികയുമെല്ലാം ചിതലരിച്ചും ദ്രവിച്ചും പോയതിനാല്‍ ഓടുകള്‍ ഇളകി വീണുകൊണ്ടിരിക്കുകയാണ്. ജയിലിനോട് തൊട്ട് ചേര്‍ന്നുള്ള അഞ്ചല്‍പ്പെട്ടി വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്നു.
നിരവധി ചരിത്രാന്വേഷികളും ഗവേഷക വിദ്യാര്‍ഥികളും സന്ദര്‍ശനത്തിനെത്താറുള്ള ഈ സ്മാരകങ്ങള്‍ സംരക്ഷിക്കണമെന്ന ജനകീയ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ കെട്ടിടങ്ങള്‍ 1910 ല്‍ നിര്‍മിക്കപ്പെട്ടതാണെന്ന് ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുന്‍പും ഇവിടെ പൊലിസ് സ്റ്റേഷന്‍ ഉണ്ടായിരുന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്.
കേരളപ്പിറവി വരെ ഇവിടെ പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് വെറുതെ കിടന്ന ഈ കെട്ടിടത്തില്‍ രണ്ട് പതിറ്റാണ്ട് മുന്‍പാണ് ഹെല്‍ത്ത് സെന്റര്‍ ആരംഭിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് ഹെല്‍ത്ത് സെന്റര്‍ തൊട്ടടുത്ത് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെയാണ് ഈ കെട്ടിടങ്ങളുടെ ദുര്‍ഗതി ആരംഭിച്ചത്. തിരുവിതാംകൂര്‍ കൊച്ചി എന്നീ നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായിരുന്ന പുത്തന്‍ചിറ ആദ്യം കൊച്ചിയുടേയൂം പിന്നീട് തിരുവിതാംകൂറിന്റേയും ഭാഗമായിരുന്നു.
1862ല്‍ കൊച്ചി രാജാവിന്റെ സൈന്യാധിപനായിരുന്ന അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള തിരുവിതാംകൂര്‍ രാജാവിന് കൊച്ചിയെ ഇഷ്ടദാനം നല്‍കിയെന്നാണ് ചരിത്രം. അതിര്‍ത്തി പ്രദേശമായതിനാല്‍ കള്ളക്കടത്ത് ഉള്‍പടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായിട്ടാണ് ഇവിടെ പൊലിസ് സ്റ്റേഷന്‍ സ്ഥാപിച്ചത്. അന്ന് നിരോധിത വസ്തുക്കള്‍ കൊച്ചിയില്‍ നിന്ന് തിരുവിതാംകൂറിലേക്ക് ഒളിച്ച് കടത്തല്‍ വ്യാപകമായിരുന്നു. മുസിരിസ് പൈതൃക പദ്ധതിയില്‍ പുത്തന്‍ചിറയിലെ ചരിത്ര സ്മാരകങ്ങളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയാണുണ്ടായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനായി നടപടികളൊന്നും നാളിതുവരെയായി സ്വീകരിക്കാത്തതില്‍ വലിയ പ്രതിഷേധമുണ്ട്. നിരവധി നീര്‍പക്ഷികളുടെ പറുദീസയായ കണ്ണെത്താദൂരം പരന്ന് കിടക്കുന്ന മനോഹരമായ കരിങ്ങാച്ചിറ ചാലിന്റെ തീരത്തുള്ള ഈ പൈതൃക സ്മാരകങ്ങള്‍ വരും തലമുറകള്‍ക്ക് പ്രയോജനപ്പടുന്ന വിധത്തില്‍ പൈതൃക മ്യൂസിയവും വായനശാലയുമാക്കി മാറ്റി സംരക്ഷിച്ചാല്‍ ഭാവിയില്‍ ധാരാളം സന്ദര്‍ശകര്‍ ഇവിടെയെത്തുമെന്നാണ് പൈതൃക സ്‌നേഹികളുടെ പ്രതീക്ഷ. അതിലൂടെ പുരാതനമായ ഈ പൈതൃക സ്മാരകങ്ങളുടെ സ്മരണ നിലനിര്‍ത്താനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."