ചികിത്സാലയം ഉദ്ഘാടനം ചെയ്ത ദിവസംതന്നെ വ്യാജ ഡോക്ടര്‍ പിടിയില്‍
കാളികാവ്: ചോക്കാട് മമ്പാട്ടുമൂലയില്‍ ഹോമിയോ ആയുര്‍വേദ ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍. കാളികാവ് ചാഴിയോട്ടിലെ മഞ്ഞക്കടവന് പ്രസീദ് ആണ് പിടിയിലായത്. മമ്പാട്ടുമൂലയില്‍ ചികിത്സാലയം ഉദ്ഘാടനം ചെയ്ത ദിവസംതന്നെ പ്രസീദിനെ കാളികാവ് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിചിത്രമായ ചികിത്സാരീതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എസ്.ഐ കെ.പി സുരേഷ്ബാബു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എസ്.എസ്.എല്‍.സി മാത്രം യോഗ്യതയുള്ള പ്രസീദ് രണ്ടു വര്‍ഷം മുന്‍പു തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ എന്നുകൂടി എഴുതിച്ചേര്‍ത്തു പേരിനുകൂടെ ഡോക്ടര്‍ എന്ന ബോര്‍ഡും സ്ഥാപിച്ചായിരുന്നു ചികിത്സ. വിവിധ രോഗങ്ങള്‍ക്കു നല്കുന്ന മരുന്നുകള്‍ എഴുതിവച്ച നോട്ട്ബുക്, സ്റ്റെതസ്കോപ്പ് തുടങ്ങിയവയും ഹോമിയോ മരുന്നും പ്രസീദിന്റെ ചികിത്സാലയത്തില്നിന്നു കണ്ടെടുത്തിട്ടുണ്ട്.
പ്ലസ്ടുവരെ പഠിച്ചിട്ടുണ്ടെന്നാണ് പ്രസീദ് പൊലിസിനു നല്കിയ മൊഴി. കാളികാവിലെ സ്വകാര്യ ആശുപത്രിയില്‍ സഹായിയായിരുന്നതും ചേര്‍ത്തലയില്‍ നാലര മാസം ചികിത്സാരീതി പഠിച്ചതുമാണ് ഡോക്ടറാകാനുള്ള യോഗ്യതയായി പ്രസീദ് പറയുന്നതെന്നു പൊലിസ് പറഞ്ഞു. ഉദ്ഘാടന ദിവസം മൂന്നു പേരെ ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്.
കാളികാവ് എസ്.ഐക്കൊപ്പം പൊലിസുകാരായ ബിന്ദു, ലിജിന്‍, കൃഷ്ണകുമാര്‍, മോഹനന് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറില്‍ ഡോക്ടറുടെ ചിഹ്നം പതിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."