സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റെന്ന പരാതി; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍ കമ്പനി മറിച്ചുവിറ്റെന്ന പരാതിയില്‍ പുനലൂര്‍ സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരേ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
കൊല്ലം ജില്ലയിലെ ആര്യങ്കാവ് വില്ലേജില്‍ ഉള്‍പ്പെടുന്ന 60 ഏക്കര്‍ വനഭൂമിയും മിച്ചഭൂമിയും സര്‍ക്കാരില്‍ നിന്നു പാട്ടത്തിനെടുത്ത ശേഷം ഹാരിസണ്‍സ് കമ്പനി മറിച്ചുവിറ്റെന്ന പരാതിയിലാണു പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. പുനലൂര്‍ സബ് രജിസ്ട്രാര്‍, ഹാരിസണ്‍സ് മലയാളം കമ്പനി, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍, ബാങ്ക് അധികൃതര്‍, ഭൂമി വാങ്ങിയവര്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരേയാണ് അന്വേഷണം. 2012 ജൂണ്‍, ജൂലൈ മാസങ്ങളിലാണു പരാതിക്ക് ആസ്പദമായ സംഭവം.
പുനലൂര്‍ സബ് രജിസ്ട്രാറുടെ സഹായത്തോടെ 12 വിലയാധാരങ്ങളിലായി 2,02,6000 രൂപയ്ക്ക് ഭൂമി തീറെഴുതിക്കൊടുത്തെന്ന് ലീഗല്‍ സര്‍വിസസ് അതോറിറ്റി അംഗം പി. നാഗരാജന് നല്കിയ ഹരജിയില്‍ ആരോപിക്കുന്നു. ഉടമസ്ഥാവകാശമോ ക്രയവിക്രയ സ്വാതന്ത്ര്യമോ ഇല്ലാത്ത ഭൂമി വില്പന നടത്തിയതില്‍ വന്‍ അഴിമതിയുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പോക്കുവരവ് പോലും ചെയ്യാത്ത വസ്തുക്കള്‍ക്ക് ദേശസാല്‍കൃത ബാങ്ക് ലക്ഷക്കണക്കിന് രൂപ വായ്പ നല്‍കിയെന്ന ആരോപണവുമുണ്ട്. ഇതും അന്വേഷണപരിധിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."