മോദി തകര്‍ത്ത ഇന്ത്യ എങ്ങനെ രക്ഷപ്പെടും
പഞ്ചവത്സരപദ്ധതികളിലൂടെയും ദീര്‍ഘവീക്ഷണമുള്ള സാമ്പത്തികനയരൂപീകരണങ്ങളിലൂടെയും ഇന്ത്യ കെട്ടിപ്പടുത്ത സുശക്തമായ അടിത്തറയില്‍ രാജ്യം കൈവരിച്ച അതിവേഗവളര്‍ച്ചയുടെ ഗതിവേഗം നിലച്ചുപോയെന്നതാണ് നോട്ടുപിന്‍വലിക്കലിന്റെ പ്രഥമനേട്ടം. രാഷ്ട്രീയമായ ഈ തീരുമാനത്തിന്റെ നടത്തിപ്പുകാരായ റിസര്‍വ് ബാങ്കുപോലും രാജ്യത്തിന്റെ വളര്‍ച്ചാനിരക്കില്‍ കുറവുണ്ടാകുമെന്നു കുറ്റസമ്മതം നടത്തുമ്പോള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചു മോദിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും മൗനംപാലിക്കുകയാണ്.
കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെ സാമ്പത്തികപ്രതിസന്ധി ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. ചെറുകിട കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി സാധാരണക്കാരെല്ലാം സര്‍ക്കാര്‍ നടപടിയില്‍ നട്ടംതിരിയുകയാണ്. സ്വദേശികള്‍ മാത്രമല്ല, വിനോദസഞ്ചാരം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ വിദേശികളും നോട്ടുപിന്‍വലിക്കലില്‍ ഗതികെട്ടു. ഉല്‍പാദന, സേവനമേഖലകള്‍ നിശ്ചലമായി. ബാങ്കുകളിലും എ.ടി.എമ്മുകളിലും പണമില്ല.
പഴയതിനു പകരംനല്‍കേണ്ട നോട്ടുകള്‍ അച്ചടിക്കാതെയും പുതിയ നോട്ടുകള്‍ വയ്ക്കാനുതകുംവിധം എ.ടി.എമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്യാതെയും കറന്‍സി ചെസ്റ്റുകളിലും ബാങ്കുകളിലും പണം കരുതാതെയുമാണ് നോട്ട് അസാധുവാക്കിയത്. 2200 കോടി നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ 600 കോടി പോലും പകരം നല്‍കിയില്ല. നോട്ട് അച്ചടിക്കുന്ന രാജ്യത്തെ എല്ലാ പ്രസ്സിലും കൂടി 300 കോടി നോട്ടു മാത്രമാണ് ഒരുമാസം അച്ചടിക്കാനാവുക. അങ്ങനെ നോക്കിയാല്‍ ഇനിയും നാലുമാസംകൂടി വേണ്ടിവരും രാജ്യം സാധാരണ നിലയിലാകാന്‍.
കറന്‍സിരഹിത രാജ്യമെന്നത് വീണ്ടുവിചാരമില്ലാത്ത സ്വപ്നമായി അവശേഷിക്കുകയേയുള്ളൂവെന്നതു സത്യം. ഇന്ത്യയിലെ ജനസംഖ്യയില്‍ നാലില്‍ മൂന്നിനും ഇന്റര്‍നെറ്റ് സൗകര്യമില്ലെന്ന പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത് പ്രധാനമന്ത്രിയുടെ രാഷ്ട്രീയവൈരികളല്ല. ഇന്ത്യന്‍ വ്യവസായ വാണിജ്യരംഗത്തെ പ്രമുഖസംഘടനയായ അസോചവും പ്രമുഖ ഗവേഷണസ്ഥാപനമായ ഡിലോയ്റ്റും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഇന്റര്‍നെറ്റ് അടിസ്ഥാനസൗകര്യ ദൗര്‍ലഭ്യം തുറന്നു കാട്ടുന്നത്.
പത്തില്‍ എട്ട് ഇടപാടിലും കറന്‍സി കൈമാറ്റം നടക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ആകെ ബാങ്ക്ശാഖകളുടെ എണ്ണം 1.85 ലക്ഷമാണ്. ഇതില്‍ 1.38 ലക്ഷവും നഗരങ്ങളിലാണ്. ഇന്ത്യയിലെ 6.4 ലക്ഷം ഗ്രാമങ്ങള്‍ക്കായുള്ള ബാങ്കുശാഖകളുടെ എണ്ണം 47,433 മാത്രം. ഗ്രാമങ്ങളില്‍ ആകെയുള്ള എ.ടി.എമ്മുകള്‍ 25,000 ത്തില്‍ താഴെ. നോട്ട് അസാധുവാക്കല്‍ ജനജീവിതത്തെ എത്രമാത്രം ദുരിതപൂര്‍ണമാക്കിയെന്നറിയാന്‍ ഈ കണക്കുകള്‍ ധാരാളം.
ഇന്ത്യയില്‍ ആകെയുണ്ടെന്നു കരുതപ്പെടുന്ന കള്ളപ്പണം 90 ലക്ഷം കോടിയെന്നു സാമ്പത്തികവിദഗ്ധര്‍. ഇതില്‍ ചെറിയൊരു ശതമാനമാണു കറന്‍സിയായി സൂക്ഷിക്കുന്നത്. ബാക്കി വിദേശബാങ്ക് നിക്ഷേപത്തിലും സ്വര്‍ണം, ഭൂമി, ബിനാമി നിക്ഷേപങ്ങളിലുമാണ്. ജന്‍ധന്‍ അക്കൗണ്ടുകളിലൂടെയാണു കള്ളപ്പണം വെളുപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നത്. 25.51 കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ നവംബര്‍ എട്ടിനു ശേഷമെത്തിയത് 20,000 കോടിയിലധികം പഴയനോട്ടുകളാണ്. ഡിസംബര്‍ 23 വരെ വിവിധ റെയ്ഡുകളിലായി പിടിച്ചെടുത്തത് 3590 കോടി രൂപയാണെന്ന് ആദായനികുതിവകുപ്പ്. ഇതില്‍ ഭൂരിഭാഗവും പുതിയ 2000 ത്തിന്റെ നോട്ടുകള്‍.
തീരുമാനത്തിന്റെ ആഘാതങ്ങളും ദോഷഫലങ്ങളും മുന്‍കൂട്ടി കാണാതെ, മുന്നൊരുക്കങ്ങളില്ലാതെ, ക്യാബിനറ്റിലെ സഹപ്രവര്‍ത്തകരെപ്പോലും അറിയിക്കാതെ നവംബര്‍ എട്ടിന് രാത്രി രാജ്യം ഉറങ്ങാന്‍ പോകുമ്പോള്‍ നടത്തിയ നോട്ടു റദ്ദാക്കല്‍ പ്രഖ്യാപനം ഏകാധിപത്യശൈലിയിലുള്ളതാണെങ്കിലും അന്ന് ഉദ്ദേശ്യ ശുദ്ധിയെ മാനിച്ച് ഭൂരിഭാഗം പ്രതിപക്ഷപാര്‍ട്ടികള്‍ എതിര്‍ത്തില്ല. എന്നാല്‍, പിന്നീട് ജനങ്ങള്‍ക്കുണ്ടായ തീരാദുരിതം കണ്ടു പ്രതിഷേധിച്ചപ്പോള്‍ പാര്‍ലമെന്റില്‍പ്പോലും ചര്‍ച്ചനടത്താതെ മോദി ഒളിച്ചോടുകയായിരുന്നു.
നിയമനിര്‍മാണത്തിലും നയരൂപീകരണത്തിലും അടിസ്ഥാനമാക്കേണ്ടതു ഭൂരിപക്ഷതാല്‍പര്യമാണെങ്കില്‍ ഈ തീരുമാനം ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരേയുള്ള യുദ്ധപ്രഖ്യാപനമാണ്. അസാധു നോട്ട് മാറിയെടുക്കുന്നതിനും ക്രയവിക്രയം ചെയ്യുന്നതിനുമുള്ള നിബന്ധനകളും തിയതികളും പലതവണ മാറ്റിക്കൊണ്ടിരുന്നു. ഒന്നിനെക്കുറിച്ചും സര്‍ക്കാരിനു വ്യക്തമായ കാഴ്ചപ്പാടും ധാരണയുമുണ്ടായില്ല. രാജ്യം നേരിടുന്ന സാമ്പത്തികാനിശ്ചിതാവസ്ഥയ്ക്ക് ഇതില്‍പ്പരം തെളിവുവേണ്ട.
ജി.ഡി.പിയില്‍ 0.6 ശതമാനത്തിന്റെ കുറവു പ്രവചിക്കുന്ന ആര്‍.ബി.ഐ ഇടക്കാല വായ്പാനയത്തിലും ആശ്വാസകരമായ മാറ്റങ്ങളൊന്നും വരുത്തിയില്ല. തുടക്കത്തില്‍ നടപടിയെ പ്രകീര്‍ത്തിച്ച സാമ്പത്തിക, ഭരണവിദഗ്ധര്‍ പിന്നീടു നിലപാടു തിരുത്തി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പാളംതെറ്റിയെന്ന എച്ച്.ഡി.എഫ്.സി ബാങ്ക് ചെയര്‍മാന്‍ ദീപക് പരേഖിന്റെ പ്രസ്താവന പ്രതിസന്ധിയുടെ ഏറ്റവുംവലിയ സാക്ഷ്യപ്പെടുത്തലായി. സുപ്രിംകോടതിയില്‍ നിന്നുപോലും വിമര്‍ശനമേറ്റുവാങ്ങിയിട്ടും സര്‍ക്കാര്‍ കെടുകാര്യസ്ഥത അംഗീകരിച്ചില്ല.
നോട്ടുപിന്‍വലിക്കല്‍ ദുരിതത്തില്‍ രാജ്യമെമ്പാടും പൊലിഞ്ഞത് 84 വിലപ്പെട്ട ജീവനാണ്. തീരുമാനം നടപ്പാക്കിയ രീതി പരാജയപ്പെട്ടെന്നു ബോധ്യപ്പെട്ട നിലയിലായിരുന്നു ഇടക്കാലത്തെ മോദിയുടെ പ്രതികരണം. തീരുമാനത്തില്‍ തെറ്റുണ്ടെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്നു പറഞ്ഞ മോദി പിന്നീട് നിലപാടു മാറ്റി. പ്രഖ്യാപിതലക്ഷ്യങ്ങള്‍ കറന്‍സിരഹിത രാജ്യവും ഡിജിറ്റല്‍ പണമിടപാടുകളുടെ സാര്‍വത്രീകരണവുമാണെന്നായി വാദം.
ലോകംകണ്ട സാമ്പത്തികവിദഗ്ധരില്‍ പ്രമുഖനായ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്് മോദിയെ മുന്‍പിലിരുത്തി രാജ്യസഭയില്‍ നടത്തിയ പ്രസംഗം രാജ്യത്തെ യഥാര്‍ഥ അവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ്. നോട്ടു പിന്‍വലിക്കല്‍ ജനങ്ങളുടെ മേലുള്ള സംഘടിതകൊള്ളയും നിയമപരമായ കവര്‍ച്ചയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
മന്‍മോഹന്‍സിങ്് മോദിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ജനങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ അനുവദിക്കാത്ത ഏതു രാജ്യമാണ് ലോകത്തുള്ളതെന്ന ആ ചോദ്യം ഓരോ ഇന്ത്യക്കാരനും പ്രധാനമന്ത്രിയോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നതാണ്. ഒരുകാര്യം ഉറപ്പാണ്, തളര്‍ന്നുപോയ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ രാജ്യം പുതിയ വഴികള്‍ തേടേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."