അസാധുവായ നോട്ടുകളും സാധുക്കളായ നാട്ടുകാരും
'എന്നിട്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു...'
പതിനെട്ടാംനൂറ്റാണ്ടില്‍ ജീവിച്ച കുഞ്ചന്‍നമ്പ്യാര്‍ അന്ന് ആ വരികള്‍ എഴുതിയത് മൂന്നു നൂറ്റാണ്ടു കഴിഞ്ഞ് ഇന്ത്യ ഭരിക്കാന്‍ വരുന്ന ചിലരെ മനസില്‍ കണ്ടിട്ടാണോ എന്നറിയില്ല.
സാമ്പത്തിക കുതിച്ചുചാട്ടത്തിന് ഉത്തേജകമാകുമെന്നു പറഞ്ഞുകൊണ്ടു നടത്തിയ പ്രഖ്യാപനം പുതുവര്‍ഷം പിറന്നിട്ടും എവിടെയുമെത്തിയിട്ടില്ല. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച ശേഷം അറുപതിലേറെ തവണയാണു തീരമാനങ്ങളും നിബന്ധനകളും മാറ്റിയെഴുതിയത്. കളി തുടങ്ങിയ ശേഷം റഫറി നിയമങ്ങള്‍ മാറ്റുന്നു. ഗോള്‍ പോസ്റ്റ് കളിക്കിടയില്‍ത്തന്നെ പലയിടങ്ങളിലേക്കു മാറ്റി സ്ഥാപിക്കുന്നു.
അധികാരത്തിലേറിയാല്‍ ദിവസങ്ങള്‍ക്കകം വിദേശങ്ങളിലെ കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്നു പറഞ്ഞവരാണ് ദേശീയ ജനാധിപത്യ സഖ്യം. അധികാരം കിട്ടിയിട്ടും അതിനൊന്നും കഴിഞ്ഞില്ല. പകരം ചെയ്തത് അര്‍ധരാത്രി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ അസാധുവാക്കുകയായിരുന്നു.
ഇന്ത്യക്കകത്തു വ്യാപരിക്കുന്നത് കള്ളനോട്ടുകളാണെന്നു സ്വയം തീരുമാനിച്ചുറച്ചാണു നടപടി തുടങ്ങിയത്. പ്രശ്‌നം നാളെത്തീരും അടുത്താഴ്ച തീരും എന്നൊക്കെ പറഞ്ഞതു കേട്ടു ജനകോടികള്‍ അടങ്ങിയിരുന്നു. ഒടുവില്‍ ഭരണകര്‍ത്താക്കള്‍ക്കു തന്നെ മനസിലായി പുതുവര്‍ഷത്തിലും പ്രതിസന്ധി തീരില്ലെന്ന്.
കള്ളപ്പണം പിടികൂടാനെന്നു പറഞ്ഞാണു നോട്ടു പിന്‍വലിച്ചത്. ഇപ്പോള്‍ പറയുന്നു ഡിജിറ്റലൈസ് ബാങ്കിങ് സമ്പ്രദായം വ്യാപകമാക്കലാണ് ഉദ്ദേശ്യമെന്ന്. ഇങ്ങനെ മാറിമാറി പ്രഖ്യാപിക്കുന്നവരെ ജനം ഇതുവരെ കണ്ടിട്ടുണ്ടാകില്ല. എന്തുകൊണ്ടു പഴയനോട്ടുകള്‍ അടയ്ക്കാന്‍ വൈകിയെന്ന ചോദ്യത്തിന് ഒരു സാമ്പത്തിക വിദഗ്ധന്‍ ബാങ്കില്‍ എഴുതിക്കൊടുത്തത് 'ഞാന്‍ എന്റെ പ്രധാനമന്ത്രി പറഞ്ഞത് വിശ്വസിച്ചുപോയി' എന്നാണ്. ആ പ്രതികരണത്തില്‍ ഇന്ത്യന്‍ ജനതയുടെ മനോഭാവം പൂര്‍ണമായും പ്രതിഫലിക്കുന്നുണ്ട്.
കറന്‍സിരഹിത പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകവഴി കള്ളപ്പണം പൂര്‍ണമായും തടയാനും നികുതിവെട്ടിപ്പ് ഇല്ലാതാക്കാനും കഴിയുമെന്നാണ് കേന്ദ്രഗവണ്‍മെന്റിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ഈ നടപടിക്കുവേണ്ടി ഇടപാടുകാരെത്തന്നെ പിഴിയാന്‍ ബാങ്കുകള്‍ മുന്നോട്ടു വന്നാല്‍ എന്തു ചെയ്യുമെന്നതിന് ഇതുവരെ ഫലപ്രദമായ ആലോചനകളൊന്നും നടന്നിട്ടില്ല.
ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി ഇന്ത്യ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ ഇലക്്‌ട്രോണിക്‌സ് സംവിധാനത്തിലും 32 ലക്ഷം ഇന്ത്യന്‍ ഡെബിറ്റ് കാര്‍ഡുകളാണ് ഒക്ടോബര്‍ മാസത്തില്‍മാത്രം കൃത്രിമങ്ങള്‍ക്കു വിധേയമായതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. രാഹുല്‍ഗാന്ധിയുടെയും വിജയ് മല്യയുടെയും മാധ്യമപ്രവര്‍ത്തകയായ ബര്‍ഖാദത്തിന്റെ രവീശ് കുമാറിന്റെയുമൊക്കെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലും കടന്നുകയറ്റമുണ്ടായി.
ഉയര്‍ന്നനോട്ടുകളുടെ അമൂല്യവല്‍കരണം സൃഷ്ടിച്ച പ്രതിസന്ധി പാര്‍ലമെന്റിന്റെ ഇരു സഭകളെയും ആഴ്ചകളോളം സ്തംഭിപ്പിച്ചു. അതിനു കാരണക്കാരായ അംഗങ്ങളെ മാത്രമല്ല ലോക്‌സഭാ സ്പീക്കറെയും വിമര്‍ശിക്കാന്‍ മുന്‍ ഉപപ്രധാനമന്ത്രിയും സീനിയര്‍ ബി.ജെ.പി നേതാവുമായ എല്‍.കെ അദ്വാനിപോലും രംഗത്തുവന്നു. കഴിഞ്ഞവര്‍ഷത്തെ ഏറ്റവുംവലിയ അഴിമതി നോട്ട് അസാധുവാക്കലായിരുന്നുവെന്ന് മുന്‍ ധനകാര്യമന്ത്രി പി. ചിദംബരവും ചൂണ്ടിക്കാട്ടി.
നവംബര്‍ എട്ടിനുരാത്രി പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞത് പതിനഞ്ചര ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അസാധുവാക്കിയതെന്നാണ്. ഇക്കഴിഞ്ഞ ദിവസംവരെ അഞ്ചുലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകളാണു പുറത്തിറക്കിയത്. ശേഷിക്കുന്ന നോട്ടുകള്‍ എപ്പോള്‍ അച്ചടിച്ച് എത്തിക്കാനാകുമെന്നുപോലും പറയാന്‍ കഴിയുന്നില്ല. ഒരു വ്യക്തിക്ക് ഒരാഴ്ച 24,000 രൂപ മാത്രമേ സ്വന്തം അക്കൗണ്ടില്‍നിന്നു പിന്‍വലിക്കാവൂവെന്ന ഉത്തരവു നിലവിലിരിക്കെ പത്തുകോടിയോളം രൂപയുടെ പുത്തന്‍നോട്ടുകള്‍ പൂഴ്ത്തിവച്ച നിലയില്‍ എങ്ങനെ എത്തിപ്പെട്ടുവെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് മോദി തന്നെയല്ലേ. പിടിച്ചെടുത്ത നോട്ടുകള്‍ തൊണ്ടിമുതലായതിനാല്‍ മാര്‍ക്കറ്റിലെത്തില്ല.
അക്കൗണ്ടില്ലാത്തയാളെ അക്കൗണ്ടുകാരനാക്കിയാല്‍ പത്തു രൂപ, പത്തു ചെറുകിട കച്ചവടക്കാരെ ഇ-പേമന്റ് സംവിധാനത്തില്‍ ചേര്‍ത്താല്‍ 100 രൂപ എന്നിങ്ങനെ ഒരു ജില്ല മുഴുവന്‍ നോട്ടുരഹിതമാക്കിയാല്‍ അഞ്ചുലക്ഷംവരെ സമ്മാനം കിട്ടുമത്രേ. ഡിജിറ്റല്‍ മണി പ്രോത്സാഹിപ്പിക്കാന്‍ 340 കോടി രൂപയുടെ സമ്മാനപദ്ധതിയുമായാണ് പുറപ്പാട്.
റെയില്‍വേ ടിക്കറ്റിനു 30 രൂപയും പെട്രോളടിക്കുന്നതിനു പത്തു രൂപയും അധികം നല്‍കേണ്ടിവരുന്ന ഓണ്‍ലൈന്‍ വ്യാപാരം ആരെ സഹായിക്കാനാണ്. സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ 14 ശതമാനമാണു ജനങ്ങള്‍ നല്‍കേണ്ടിവരുന്നത്.
ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്,മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നൊക്കെ പറഞ്ഞു കേള്‍ക്കാന്‍ നല്ല രസമാണ്. ഈ ഡിജിറ്റല്‍ ബാങ്കിങുമായി പൊരുത്തപ്പെടാന്‍ ഗ്രാമങ്ങള്‍ തിങ്ങിനിറഞ്ഞ നമ്മുടെ നാടിനു കാലം ഏറെ ചെലവഴിക്കേണ്ടിവരും. അസാധുവാക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഡിസംബര്‍ അവസാനംവരെ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും സ്വീകരിക്കണമെന്നു പറഞ്ഞപ്പോള്‍ നോട്ടുകളുടെ നമ്പര്‍ പകര്‍ത്തിയെഴുതാന്‍പോലും അറിയാതെ വിഷമിച്ചവരാണ് ബഹുഭൂരിപക്ഷം പേരും.
കള്ളപ്പണത്തെ ചെറുക്കാനെന്ന പേരില്‍ ആരംഭിച്ച നോട്ട് പരിഷ്‌കരണനടപടിയില്‍ രാജ്യം മുഴുവന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ വിജയ്മല്യയടക്കമുള്ള വന്‍കിടക്കാര്‍ തിരിച്ചടയ്ക്കാനുള്ള 7016 കോടി രൂപ വായ്പ കിട്ടാക്കടമായി പരിഗണിക്കാനുള്ള നീക്കം തടഞ്ഞത് മുന്‍പൊരിക്കലും ഇല്ലാത്തവിധം കണ്ട പ്രതിപക്ഷ ഐക്യത്തോടെയാണ്.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി മോദി വ്യക്തിപരമായി അഴിമതി നടത്തിയെന്നാണു കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി തുറന്നടിച്ചത്. തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അതു ലോക്‌സഭയില്‍ വയ്ക്കാന്‍ ഭരണകക്ഷി അനുവദിക്കുന്നില്ലെന്നുമാണു രാഹുല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഒടുവില്‍ അദ്ദേഹം പൊതുവേദിയില്‍ത്തന്നെ അഴിമതിയാരോപണം നടത്തി.
86 ശതമാനം നോട്ടുകള്‍ പിന്‍വലിക്കുകയും അതിന്റെ പകുതിപോലും തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നതിന് ആരാണു കുറ്റക്കാരെന്ന ചോദ്യത്തിനു മറുപടി ഇല്ല. ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമുള്ള ഏതാനും ധനികര്‍ക്ക് എട്ടുലക്ഷം കോടി രൂപയുടെ കടം എഴുതി തള്ളാന്‍ 99 ശതമാനം ജനങ്ങളെ തെരുവിലിറക്കിയെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന ശ്രദ്ധേയമാണ്.
സഹാറാ-ബിര്‍ളാഗ്രൂപ്പുകളില്‍നിന്നു പ്രധാനമന്ത്രി 521 കോടി രൂപ കൈക്കൂലിവാങ്ങി എന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ ആരോപണം പ്രധാനമന്ത്രി ഇനിയും നിഷേധിച്ചിട്ടില്ല. രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചിരിക്കുന്നുവെന്നു കളിയാക്കുക മാത്രമാണു മോദി ചെയ്തിരിക്കുന്നത്. ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുന്ന അനുഭവം.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കള്ളനോട്ടുകള്‍ നാട്ടില്‍ ഒരു ശതമാനംപോലും ഇല്ലെന്നു സര്‍ക്കാര്‍ തന്നെ പറയുമ്പോള്‍ ഇങ്ങു കോഴിക്കോട് ഹെഡ് പോസ്റ്റാഫിസിനു സമീപം റെയില്‍വേ ട്രാക്കില്‍ പഴയ അഞ്ഞൂറു രൂപയുടെ രണ്ടര ലക്ഷം രൂപ വരുന്ന നോട്ടുകെട്ടുകളാണു പൊലിസിനു കിട്ടിയത്.
റിസര്‍വ് ബാങ്ക് വിതരണത്തിനിറക്കിയ ആയിരം രൂപ നോട്ടുകളില്‍ മൂന്നില്‍രണ്ടും 500 രൂപ നോട്ടുകളില്‍ മൂന്നിലൊന്നും ബാങ്കുകളിലേയ്ക്കു തിരിച്ചുവന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തികോപദേഷ്ടാക്കളില്‍ പ്രധാനിയായ എസ്. ഗുരുമൂര്‍ത്തി പറയുന്നു. ഇത് ആറുലക്ഷം കോടി രൂപയുടെ മൂല്യമുള്ളതാണത്രെ.
കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി കിരണ്‍ റിജിജുവിന്റെ ഒരുബന്ധു നടത്തിയ 450 കോടി രൂപയുടെ സാമ്പത്തിക ഇടപാട് പുറത്തുകൊണ്ടുവന്നതിനാല്‍ സെന്‍ട്രല്‍ വിജിലന്‍സ് ഓഫിസര്‍ പദവിയില്‍നിന്ന് തന്നെ പുറംതള്ളിയെന്നു സീനിയര്‍ ഐ.എ.എസ് ഓഫിസറായ സതീശ്‌വര്‍മ പരസ്യമായി കുറ്റപ്പെടുത്തുന്നു. മലയാളിയായ ഒരു യുവാവുമായി സ്‌നേഹബന്ധത്തിലായിരുന്ന ഇസ്‌റത്ത് ജഹാനെന്ന യുവതി സംഘട്ടനത്തില്‍ കൊല്ലപ്പെട്ടുവെന്നു പ്രചരിപ്പിക്കപ്പെട്ട കേസില്‍ സി.ബി.ഐയെ അന്വേഷണത്തില്‍ സഹായിച്ച ഗുജറാത്തുകാരനായ ഓഫിസര്‍ കൂടിയായിരുന്നു സതീശ്‌വര്‍മ.
യുദ്ധകാലത്ത് റേഷനരിക്കു ക്യൂനിന്നതുപോലെ ജനങ്ങള്‍ ബാങ്കുകള്‍ക്കു മുന്‍പില്‍ സ്വന്തം നിക്ഷേപങ്ങള്‍ക്കു രാപ്പകല്‍ വരിനില്‍ക്കുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു ദിശാബോധം നല്‍കിയ പഴയ ധനകാര്യമന്ത്രിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യസഭയില്‍ തന്നെ കുറ്റപ്പെടുത്തുകയുണ്ടായി.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."