ബംഗളൂരു സംഭവം: നാലുപേര്‍ അറസ്റ്റില്‍
ബംഗളൂരു: പുതുവത്സരാഘോഷത്തിനിടെ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ വ്യാപകമായി അക്രമത്തിനിരയായ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ബനസ്‌വാദി പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ ആറോളം സി.സി.ടി.വി കാമറകളില്‍നിന്നു ശേഖരിച്ച വിഡിയോ ദൃശ്യങ്ങളുടെ പിന്‍ബലത്തിലാണ് ഇവരെ പിടികൂടിയത്. കേസിലെ മുഖ്യപ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് പറഞ്ഞു.
അതിനിടെ, പിടിയിലായ നാലുപേരുടെ രക്ഷിതാക്കള്‍ ബനസ്‌വാദി പൊലിസ് സ്റ്റേഷനു മുന്‍പിലെത്തി പ്രതിഷേധിച്ചു. തങ്ങളുടെ മക്കള്‍ നിരപരാധികളാണെന്നും ഒരു തെളിവുമില്ലാതെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഇവരെ പൊലിസെത്തി പിരിച്ചുവിടുകയായിരുന്നു.
ബംഗളൂരുവിലെ ബ്രിഗേഡ് റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലാണു പുതുവത്സരത്തലേന്ന് സ്ത്രീകള്‍ക്കുനേരെ രാത്രി 11നുശേഷം വ്യാപക ലൈംഗികാതിക്രമം നടന്നത്. എന്നാല്‍, സംഭവത്തില്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ പ്രവീണ്‍ സൂദ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ വിവാദ പ്രസ്താവന നടത്തിയ എസ്.പി നേതാവ് അബു ആസ്മി ഇന്നലെയും പുതിയ വിവാദവുമായി രംഗത്തെത്തി.
സ്ത്രീകള്‍ പീഡിക്കപ്പെടാനോ ആക്രമണത്തിനിരയാകാനോ ഉള്ള അവസരങ്ങള്‍ ഒരുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആസ്മി പറഞ്ഞു. സ്വന്തം പണം മോഷ്ടിക്കപ്പെട്ടാല്‍ അതേ സ്ഥലത്തുതന്നെ വീണ്ടും താന്‍ പണം കൊണ്ടുപോയി വയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്ത്രീകളെ അപമാനിക്കുകയല്ലെന്നും ബഹുമാനത്തോടെയാണു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പ്രസ്താവനയും വിവാദമായിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഇരുവര്‍ക്കുമെതിരേ രംഗത്തെത്തുകയും ചെയ്തു.
അബു ആസ്മിക്കും പരമേശ്വരക്കും വനിതാ കമ്മിഷന്‍ സമന്‍സ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."