യു.എസില്‍ പ്രമീള ജയപാല്‍ ഉള്‍പ്പെടെ അഞ്ചു ഇന്ത്യക്കാരും ചുമതലയേറ്റു
വാഷിങ്ടണ്‍: മലയാളിയായ പ്രമീള ജയപാല്‍ ഉള്‍പ്പെടെ അഞ്ചു ഇന്ത്യന്‍ വംശജരും അമേരിക്കന്‍ ജനപ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്തു. യു.എസ് സെനറ്ററായ കമലാ ഹാരിസിന്റെ സത്യപ്രതിജ്ഞയും നടന്നു. യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മലയാളിയാണ് പാലക്കാട് വേരുകളുള്ള പ്രമീള ജയപാല്‍(51). നാട്ടില്‍ നിന്നെത്തിയ 78 കാരിയായ മാതാവിനൊപ്പമാണ് പ്രമീള സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. വാഷിങ്ടണില്‍ നിന്നുള്ള ജനപ്രതിനിധി സഭാംഗമാണ് പ്രമീള. ജനങ്ങള്‍ക്ക് നീതി നടപ്പാക്കുമെന്നും ഇത് എല്ലാവരുടേയും ദിവസമാണെന്നും പ്രമീള പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി. യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദേശത്ത് ജനിച്ച 23ാമത്തെ അംഗമാണ് പ്രമീള.
കാലിഫോര്‍ണിയയില്‍ നിന്ന് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 52 കാരിയായ കമാലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്തു. പഴയ സെനറ്റിലെ കാപിറ്റോള്‍ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. യു.എസ് വൈസ് പ്രസിഡന്റ് ജോ ബിഡെന്റെ മണ്ഡലത്തില്‍ നിന്നാണ് കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യക്കാരിയായ മാതാവിന്റെയും ജമൈക്കക്കാരനായ പിതാവിന്റെയും മകളാണ് കമലാ ഹാരിസ്. അടുത്ത യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മാത്രം പ്രാധാന്യമുള്ള വ്യക്തിയാണ് കമല. അമേരിക്കന്‍ സെനറ്റിലേക്ക് എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് കമല. ഭര്‍ത്താവ് ഡോങ് എംഹോഫിനും സഹോദരി മറിയ ഹാരിസിനും ഒപ്പമാണ് അവര്‍ സത്യപ്രതിജ്ഞക്ക് എത്തിയത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയങ്ങള്‍ക്കെതിരേ ശക്തമായ നിലപാടാണ് കമല പുലര്‍ത്തുന്നത്. പുതിയ സെനറ്റര്‍മാരെ പ്രസിഡന്റ് ബരാക് ഒബാമയും വൈസ് പ്രസിഡന്റ് ജോ ബിഡെനും അഭിനന്ദിച്ചു.
യു.എസ് ജനപ്രതിനിധി സഭയിലേക്ക് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട അമി ബേറ, രാജ കൃഷ്ണമൂര്‍ത്തി, സിലിക്കണ്‍ വാലിയില്‍ നിന്ന് ജയിച്ച റോ ഖന്ന എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഇല്ലിനോയിസില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗവും തമിഴ് വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തി ഭഗവത്ഗീതയാണ് സത്യപ്രതിജ്ഞക്ക് ഉപയോഗിച്ചത്. ഗീത ഉപയോഗിച്ച് സത്യപ്രതിജ്ഞ നടത്തുന്ന രണ്ടാമത്തെ യു.എസ് ജനപ്രതിനിധിയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."