അനുമോള്‍ തമ്പിയും സാന്ദ്ര എസ്. നായരും ട്രാക്കില്‍ തളര്‍ന്നു വീണു
പൂനെ: സമയം തെറ്റിയോടിയ ദീര്‍ഘദൂര ട്രാക്കില്‍ തളര്‍ന്നു വീണു കേരളം. 62 ാമത് ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ ഉറപ്പെന്നു കരുതിയ രണ്ടു മെഡലുകള്‍ കേരളത്തിന് നഷ്ടമായി. മേളയ്ക്ക് തുടക്കമിട്ടു നടന്ന ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ബിബിന്‍ ജോര്‍ജ് ഏഴു ലാപ്പുകള്‍ക്ക് പിന്നാലെ ഓട്ടം മതിയാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എട്ടു ലാപ്പുകള്‍ വരെ മുന്നിലോടിയ ശേഷം അനുമോള്‍ തമ്പിയും തൊട്ടുപിന്നാലെ സാന്ദ്ര എസ്. നായരും ട്രാക്കില്‍ തളര്‍ന്നു വീണു.
അപ്രതീക്ഷിതമായ തിരിച്ചടിയാണ് കേരളം നേരിട്ടത്. പൂനെയിലെ വരണ്ട കാറ്റും നിര്‍ജലീകരണവുമാണ് ഉറപ്പെന്നു കരുതിയ മെഡലുകള്‍ കേരളത്തിന് നഷ്ടമാക്കിയത്. കേരളം കിതച്ചു വീണ ട്രാക്കില്‍ കാലാവസ്ഥയെ അനുകൂലമാക്കി മഹാരാഷ്ട്രയും ഗുജറാത്തും സുവര്‍ണ കുതിപ്പ് നടത്തി. ദീര്‍ഘദൂര ട്രാക്കുകളില്‍ തുമ്പിയായി പറക്കുന്ന അനുമോള്‍ തളര്‍ന്നു വീണപ്പോള്‍ കേരള ക്യാംപ് ഞെട്ടി. മത്സരത്തിന്റെ തുടക്കം മുതല്‍ എട്ടാം ലാപ്പുവരെ അനുമോള്‍ തന്നെയായിരുന്നു മുന്നില്‍.
എതിരാളികള്‍ക്ക് ഓടി പിടിക്കാന്‍ പോലും കഴിയാത്ത ദൂരത്തില്‍ കുതിക്കുന്നതിനിടെ അപ്രതീക്ഷിതമായി അനുമോള്‍ ട്രാക്കില്‍ കുഴഞ്ഞു വീഴുകയായിരുന്നു.. നിര്‍ജലീകരണവും ശ്വാസതടസവും പേശിവലിവുമാണ് അനുമോളെ വീഴ്ത്തിയത്. തൊട്ടു പിന്നാലെ തന്നെ സാന്ദ്ര എസ്. നായരും ട്രാക്കില്‍ കുഴഞ്ഞു വീണു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും സാധാരണ നിലയിലേക്ക് ഇരുവരും മടങ്ങി വരാതായതോടെ പൂനെയിലെ സായിത്രീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ ഒന്‍പത് താരങ്ങളാണ് ദീര്‍ഘദൂര മത്സരത്തിനിടെ കുഴഞ്ഞു വീണത്. മഞ്ഞപ്പിത്തവും കാലാവസ്ഥയുമാണ് ബിബിന്‍ ജോര്‍ജിന് തിരിച്ചടിയായത്. ഏഴു ലാപ്പുകള്‍ പൂര്‍ത്തിയാക്കിയ ബിബിന് ഓട്ടം അവസാനിപ്പിച്ച് ട്രാക്കു വിടേണ്ടി വന്നു.
5000 മീറ്ററില്‍ മഹാരാഷ്ട്രയും ഗുജറാത്തും
പതിവ് തെറ്റിച്ചു കേരളം കിതച്ചു വീണ ട്രാക്കില്‍ നിന്നും നോട്ടം കൊയ്ത് മഹാരാഷ്ട്രയും ഗുജറാത്തും. മീറ്റിന് തുടക്കമിട്ടു നടന്ന ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ഗുജറാത്തിന്റെ അജീത് കുമാര്‍ സ്വര്‍ണം നേടി. തുടക്കം മുതല്‍ ഫിനിഷിങ് വരെ തളര്‍ച്ചയില്ലാതെ ഓടിയ അജീത് കുമാര്‍ 15:00.48 സെക്കന്‍ഡിലാണ് സ്വര്‍ണം നേടിയത്. ഉത്തരാഖണ്ഡിന്റെ മോഹന്‍ സെയ്‌നി (15:16.65 സെക്കന്‍ഡ്) വെള്ളിയും വിദ്യാഭാരതിയുടെ ധര്‍മേന്ദ്രകുമാര്‍ യാദവ് (15:35.62) വെങ്കലവും നേടി.
മലയാളി താരം അഭിനന്ദ് സുന്ദരേശന്‍ (15:35.72) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്ട്ര സ്വര്‍ണവും വെങ്കലവും നേടി. മഹാരാഷ്ട്ര താരങ്ങളായ പൂനം ദിന്‍കര്‍ (17:28.60 സെക്കന്‍ഡ്) പൊന്നണിഞ്ഞപ്പോള്‍ 18:13.73 സെക്കന്‍ഡില്‍ ഓടിയെത്തി സായ്‌ലി സതിഷ് മെന്‍ഗെ വെങ്കലം നേടി. ഹിമാചലിന്റെ സീമയ്ക്കാണ് (18:05.98) വെള്ളി.
മനോനില തെറ്റിയ സംഘാടനം
പൂനെ: നട്ടുച്ചയ്ക്ക് കുട്ടികളെ 'ഓടിച്ച' സംഘാടകരുടെ മനോനില പരിശോധിക്കണം. ലോകത്ത് എവിടെയെങ്കിലും ഇങ്ങനെയൊരു മത്സര ഷെഡ്യൂള്‍ കണ്ടിട്ടുണ്ടോ.
ചോദ്യം ഉയര്‍ത്തിയത് മറ്റാരുമല്ല. മലയാളത്തിന്റെ അഭിമാന താരം പ്രീജാ ശ്രീധരന്റെ പരിശീലകനായിരുന്ന റെഡിമല്‍ സിങാണ് സംഘാടകരുടെ തലതിരിഞ്ഞ മത്സര ഷെഡ്യൂളിനെതിരേ രംഗത്ത് വന്നത്. ദീര്‍ഘദൂര മത്സരയിനമായ 5000 മീറ്റര്‍ ഉച്ചയ്ക്ക് 2.30ന് നടത്തിയതിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രീജയ്ക്കു പുറമേ കവിതാ റാവത്ത്, ലളിതാ ബാബര്‍, ചാത്തോളി ഹംസ, സിനിമോള്‍ പൗലോസ് എന്നിവരെ പരിശീലിപ്പിച്ച റെഡിമല്‍ സിങിന് സംഘാടകരുടെ ഷെഡ്യൂളിനോട് പൊരുത്തപ്പെടാനാവുന്നില്ല. തന്റെ ദീര്‍ഘനാളത്തെ കരിയറിനിടെ ഇത്തരം മോശം സമയക്രമത്തില്‍ ദീര്‍ഘദൂര മത്സരങ്ങള്‍ നടത്തുന്നത് കണ്ടിട്ടില്ലെന്നാണ് 2005 മുതല്‍ 2011 വരെ ഇന്ത്യന്‍ ദേശീയ ടീം പരിശീലകനായിരുന്ന അദ്ദേഹം പറഞ്ഞത്.
ദേശീയരാജാ്യന്തര തലങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നത് എങ്ങനെയെന്ന് കണ്ടറിഞ്ഞവര്‍ മാത്രം മീറ്റുകള്‍ സംഘടിപ്പിക്കാനിറങ്ങിയാല്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ടീമിന്റെ പരിശീലകനായാണ് അദ്ദേഹം പൂനെയില്‍ എത്തിയത്. ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ശിഷ്യനായ അജീത് കുമാര്‍ സ്വര്‍ണം നേടിയ ശേഷമായിരുന്നു റെഡിമല്‍ സിങിന്റെ പ്രതികരണം.
ഇന്ന് 12 ഫൈനലുകള്‍
മേളയുടെ രണ്ടാം ദിനമായ ഇന്ന് 12 ഫൈനലുകള്‍ നടക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 100 മീറ്റര്‍, 400 മീറ്റര്‍, ട്രിപ്പിള്‍ ജംപ്, ഷോട്ട്പുട്ട് ഹൈജംപ്, ഡിസ്‌കസ് ത്രോ ഇനങ്ങളിലാണ് ഫൈനലുകള്‍ നടക്കുന്നത്. 100, 400 മീറ്ററുകളുടെ ഹീറ്റ്‌സ്, സെമി, ഫൈനല്‍ പോരാട്ടം ഒരു ദിവസം തന്നെ നടത്തുന്നത് താരങ്ങള്‍ക്ക് വെല്ലുവിളിയാകും. വിശ്രമമില്ലാതെ താരങ്ങള്‍ ട്രാക്കില്‍ ഇറങ്ങേണ്ടി വരുന്നതിനെതിരേ വിവിധ സംസ്ഥാനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും സംഘാടകര്‍ വഴങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."