പ്രവാസി കമ്മിഷന്‍ യാഥാര്‍ഥ്യമാവുന്നു; അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം
മലപ്പുറം: ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം പ്രവാസി മലയാളികളുടെ സ്വപ്നമായ പ്രവാസി കമ്മിഷന്‍ യാഥാര്‍ഥ്യമാവുന്നു. കമ്മിഷന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് ഒരു പരിധിവരെ സഹായകമാകും.
കമ്മിഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്ന ജസ്റ്റിസ് പി. ഭവദാസന് പ്രതിഫലവും ഓഫിസും വാഹനവും രണ്ടു ജീവനക്കാരെയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കമ്മിഷന്‍ രൂപീകരണം നടന്നിട്ട് ഒരു വര്‍ഷമായെങ്കിലും തുടര്‍പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. ആവശ്യമായ സൗകര്യങ്ങളും സഹായവും നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
നോര്‍ക്കയുടെ തിരുവനന്തപുരം ഓഫിസിന്റെ മുകള്‍നിലയിലാണ് കമ്മിഷന് ഓഫിസ് അനുവദിക്കുക. എറണാകുളം കേന്ദ്രമാക്കി ഒരു പരാതി പരിഹാര ഓഫിസ് കൂടി ആരംഭിക്കാനും ആലോചനയുണ്ട്. അതേസമയം കമ്മിഷന്‍ അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കമ്മിഷന്റെ സുഖമമായ പ്രവര്‍ത്തനത്തിന് അംഗങ്ങള്‍ക്കും ശമ്പളവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഇതിനോടകം കമ്മിഷന് ലഭിച്ചിട്ടുള്ളത്. ഓഫിസും ജീവനക്കാരുമടക്കമുള്ള സൗകര്യങ്ങല്‍ ഇല്ലാത്തതിനാല്‍ പരാതികള്‍ അന്വേഷിക്കുവാനോ ഇടപെടാനോ കഴിയാത്ത സ്ഥിതിയായിരുന്നു.
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എന്‍.ആര്‍.ഐ കമ്മിഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പ്രവാസി ഭാരതീയ ബില്ലിന് കഴിഞ്ഞ വര്‍ഷമാണ് നിയമസഭ അംഗീകാരം നല്‍കിയത്. തുടര്‍ന്ന് ജ. പി. ഭവദാസനെ ചെയര്‍മാനായും ഡോ.ഷംസീര്‍ വയലില്‍, സോമന്‍ ബേബി, പി.എം.എ സലാം, കെ. ഭഗവത് സിങ് എന്നിവരെ അംഗങ്ങളായും നിയമിച്ച് 2016 ഏപ്രിലില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. കമ്മിഷന്റെ ആദ്യയോഗം ഏപ്രിലില്‍ ചേര്‍ന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ മാറിയതോടെ നടപടികള്‍ ഇഴയുകയായിരുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് പ്രവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികളുടെയും കുടുംബങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് കമ്മിഷന്റെ പ്രധാന ചുമതലകളായി പറഞ്ഞിരുന്നത്.
വനിതാ കമ്മിഷന്‍, വിവരാവകാശ കമ്മിഷനുകള്‍ എന്നിവപോലെ അര്‍ധ ജുഡീഷ്വറി അധികാരങ്ങളോടെയാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുക. പ്രവാസികളുടെ പണം തട്ടിയെടുക്കല്‍, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ അടക്കമുള്ള ചൂഷണങ്ങള്‍ക്ക് കമ്മിഷന് പരിഹാരം കാണാനാവും.
ഇത്തരത്തില്‍ കമ്മിഷന്‍ രൂപീകരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. പഞ്ചാബില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കമ്മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പഞ്ചാബില്‍ കമ്മിഷന്റെ ഇടപെടല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും കമ്മിഷന്‍ രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."