ഒഡിഷ സ്വദേശിനിയുടെ കൊലപാതകം: പ്രതികളെ എത്തിച്ച് തെളിവെടുത്തു
തൊടുപുഴ: ഒഡിഷ സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതായി പൊലിസ്. ബലാത്സംഗത്തിനും വാക്കത്തി ഉപയോഗിച്ചുമുള്ള ക്രൂരമായ അക്രമത്തിനും ഇരയായാണ് ഒഡിഷ സ്വദേശിനിയായ സബിത മാജി(30) കൊല്ലപ്പെട്ടതെന്ന് പൊലിസ് വ്യക്തമാക്കി. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ഒഡിഷ സ്വദേശി ഭൂലക്ക് ബത്ര (22), ശ്രീലങ്കന്‍ തമിഴ് വംശജനായ വിശ്വനാഥന്‍ (57) എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലിസ് വ്യക്തമാക്കി. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. സ്വകാര്യ തേയിലത്തോട്ടത്തിലെ തൊഴിലാളിയാണ് മരിച്ച സബിതയും പ്രതികളും. ഞായറാഴ്ച ആളൊഴിഞ്ഞ സ്ഥലത്ത് വിറക് ശേഖരിക്കുന്നതിനിടെ പ്രതികള്‍ സബിതയെ ആക്രമിക്കുകയായിരുന്നെന്നാണ് പൊലിസ് പറയുന്നത്.
നിലവിളിച്ച സബിതയെ തലയ്ക്കു പിന്നില്‍ വാക്കത്തികൊണ്ട് അടിച്ച് താഴെയിട്ട ശേഷം പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
മരണം ഉറപ്പിക്കുന്നതിനായി പ്രതി വിശ്വനാഥന്‍ നെഞ്ചത്തും വയറ്റിലും വാക്കത്തികൊണ്ട് നിരവധി തവണ വെട്ടിയതായും പിന്നീട് രണ്ടുപേരും ചേര്‍ന്ന് ശരീരം പുല്ലുനിറഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഇട്ടെന്നും പ്രതികള്‍ സമ്മതിച്ചു.
മൃതദേഹത്തില്‍ 52 മുറിവുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുറ്റിക്കാട്ടില്‍ ആരും കാണാത്തയിടത്താണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്.
ഇടതു കൈകൊണ്ടുള്ള വെട്ടുകളാണ് യുവതിയുടെ മൃതദേഹത്തിലുള്ളതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതാണ് പ്രതികളെ കണ്ടെത്തുന്നതിന് പൊലിസിന് സഹായകമായത്.
പ്രതികളുടെ രക്തം സംഭവ സ്ഥലത്തുനിന്ന് ലഭിക്കുകയും ശാസ്ത്രീയ പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തു. പ്രതികള്‍ ലൈംഗിക താല്‍പര്യത്തോടെ സബിതയെ മുന്‍പ് സമീപിച്ചിരുന്നു. ഇതിനെ എതിര്‍ത്തതിന്റെ ദേഷ്യം പ്രതികള്‍ക്കുണ്ടായിരുന്നു.
പ്രതിയായ വിശ്വനാഥന്റെ ഭാര്യ പിണങ്ങപ്പോയതിന് സബിതയാണ് കാരണമെന്ന ധാരണയും വൈരാഗ്യത്തിന് ഇടയാക്കി.
തെളിവെടുപ്പിനിടെ പൊലിസ് നായ ഓടിക്കയറിയത് യുവതിയുടെ വീടിനടുത്തുള്ള രണ്ടു വീടുകളിലായിരുന്നു.
തുടര്‍ന്ന് അയല്‍ക്കാരും യുവതിയുടെ ഭര്‍ത്താവും അടക്കം നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.
ജില്ലാ പൊലിസ് മേധാവി എ. വി ജോര്‍ജിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്.
ദ്വിഭാഷികളുടെ സഹായത്തോടെ പൊലിസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."