പുതിയ സര്‍ക്കാര്‍; പ്രതീക്ഷയോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍
ബോവിക്കാനം: ഇന്ന് അധികാരത്തിലേറുന്ന പുതിയ മന്ത്രിസഭയില്‍ പ്രതീക്ഷയര്‍പ്പിച്ച് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍.
പുനരധിവാസം, സൗജന്യ ചികിത്സാ സഹായം, മുഴുവന്‍ ദുരിതബാധിതരെയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുളള മെഡിക്കല്‍ ക്യാംപ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഈ സര്‍ക്കാറില്‍ നിന്നും അനുകൂലമായ നടപടികളുണ്ടാകുമെന്ന നിഗമനത്തിലാണ് ദുരിതബാധിതര്‍.
മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയില്‍ പ്ലാന്റേഷന് കോര്പ്പറേഷന് അനുവദിച്ച 28.11 ഏക്കര്‍ ഭൂമിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ആധുനിക സൗകരങ്ങളോടെ നിര്‍മിക്കുന്ന പുനരധിവാസ ഗ്രാമത്തിന്റെ മാസ്റ്റര്‍പ്ലാന്‍ തയാറായ പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
എന്‍ഡോസള്‍ഫാന്‍ പാക്കേജിലും നബാര്‍ഡിന്റെയും ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച മുളിയാറിലെ സി.എച്ച്.സി കെട്ടിടവും സ്റ്റാഫ് ക്വട്ടേഴ്സും കാറഡുക്ക പഞ്ചായത്തിലെ മിഞ്ചിപദവിലെ പി.എച്ച്.സി സബ് സെന്റര്‍, ആദൂരിലെ ആയൂര്‍വേദ ഡിസ്പെന്‍സറി കെട്ടിടം, ബെള്ളൂര്‍ പഞ്ചായത്തിലെ കിന്നിംഗാര്‍ പി.എച്ച്.സി കെട്ടിടം, കുംബഡാജെ പഞ്ചായത്തിലെ പി.എച്ച്.സി കെട്ടിടം എന്നീ പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.
മാസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട്ടെത്തിയ പിണാറി വിജയന് എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത് ദുരിതമനുഭവിക്കുന്ന മേഖലകള്‍ സന്ദര്‍ശിക്കുകയും ദുരിത ബാധിതരുടെ ദുഃഖങ്ങളും പ്രയാസങ്ങളും നേരില്‍കണ്ട് മനസിലാക്കിയിരുന്നു. പിണറായി മുഖ്യമന്ത്രിയാവുകയും ജില്ലക്ക് ഒരു മന്ത്രിയും ലഭിക്കുകയും ചെയ്യുന്നതോടെ ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ദുരിതബാധിതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."