കാത്തിരിപ്പിനു സ്വപ്‌നസാഫല്യം
തളിപ്പറമ്പ്: മലബാര്‍ മേഖലയില്‍ എക്‌സ്പാന്‍ഷന്‍ ജോയിന്റില്ലാതെ ആദ്യമായി നിര്‍മിച്ച പാലമെന്ന സവിശേഷതയുമായി പട്ടുവം-കോട്ടക്കീല്‍ കടവ് പാലം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും.
സാധാരണ പാലങ്ങളില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സ്ലാബുകള്‍ക്കിടയിലെ വിടവുകളുണ്ടാക്കുന്ന കുലുക്കം തീര്‍ത്തും ഇല്ലാത്ത രീതിയിലുള്ള നിര്‍മാണമാണ് കോട്ടക്കീല്‍-പട്ടുവം കടവ് പാലത്തിന്റേത്. ധര്‍മശാലയില്‍ നിന്നും വെള്ളിക്കീല്‍, പട്ടുവം, ഏഴോം, നെരുവമ്പ്രം, ശ്രീസ്ഥ വഴി പരിയാരത്തേക്കും പഴയങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്കുമുള്ള ബൈപാസ് റോഡാണ് പാലം തുറക്കുന്നതോടെ യാഥാര്‍ഥ്യമാകുന്നത്.
ദേശീയ പാതയില്‍ പരിയാരത്തിനും തളിപ്പറമ്പിനുമിടയില്‍ ഗതാഗത തടസം ഉണ്ടാവുന്ന അവസരങ്ങളില്‍ വാഹനങ്ങള്‍ തിരിച്ചുവിടാന്‍ പാലം ഉപയോഗപ്രദമാകും. പുതുക്കിയ എസ്റ്റിമേറ്റില്‍ 2013 ഒക്‌ടോബര്‍ 23ന് 33 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 2013 നവംബറില്‍ നിര്‍മാണോദ്ഘാടനം നടന്നു. അത്യാധുനിക യന്ത്രസംവിധാനത്തോടെയുള്ള നിര്‍മാണരീതി അവലംബിച്ച് മൂന്നു വര്‍ഷത്തിനുള്ളിലാണ് പട്ടുവം പാലം പണി പൂര്‍ത്തിയാക്കിയത്. 325 മീറ്റര്‍ നീളമുളള പാലത്തിന് 9.86 മീറ്റര്‍ വീതിയുണ്ട്.
32.50 മീറ്റര്‍ നീളമുളള പത്ത് സ്പാനുകളുണ്ട്. 11 തൂണുകളുള്ളതില്‍ ഒമ്പതെണ്ണം പുഴയിലും രണ്ടെണ്ണം കരഭാഗത്തുമാണ്. പാലത്തിന്റെ ഒരു വശത്ത് മാത്രമായാണ് ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാത ഏര്‍പ്പെടുത്തിയിട്ടുള്ളത്. പട്ടുവം പഞ്ചായത്തിലെ കുഞ്ഞിമതിലകം കവല മുതല്‍ പാലം വരെ നീളുന്ന 900 മീറ്റര്‍ അപ്രോച്ച് റോഡും ഏഴോം പഞ്ചായത്തിലെ കോട്ടക്കീല്‍ കടവില്‍ നിന്നും ഏഴോം റോഡിലേക്ക് നീളുന്ന ഒരു കിലോമീറ്റര്‍ അപ്രോച്ച് റോഡും മെക്കാഡം ടാറിങ്ങ് നടത്തിയിട്ടുണ്ട്.
പൊതുമരാമത്ത് പാലങ്ങളുടെ വിഭാഗം പയ്യന്നൂര്‍ ഓഫിസിന്റെ മേല്‍നോട്ടത്തില്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."