തെരുവുനായയുടെ കടിയേറ്റ യുവാവിനു ജില്ലാ ആശുപത്രിയില്‍ ചികിത്സ ലഭിച്ചില്ല; മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി
കാസര്‍കോട്: തെരുവുനായയുടെ കടിയേറ്റ യുവാവിനു ജില്ലാ ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നു മനുഷ്യാവകാശ കമ്മിഷന് ആരോഗ്യവകുപ്പ് സെക്രട്ടറിയോടും ജില്ലാ കലക്ടറോടും റിപ്പോര്‍ട്ട് തേടി. മനുഷ്യാവകാശ കമ്മിഷന് അംഗം കെ മോഹന്‍കുമാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ ഹൊസ്ദുര്‍ഗ് കടപ്പുറത്തെ എം ചന്ദ്രന് നല്കിയ പരാതിയിലാണു കമ്മിഷന്റെ നടപടി. 2015 ലാണ് ഹൊസ്ദുര്‍ഗ് കടപ്പുറത്തു വച്ച് ചന്ദ്രന് തെരുവുനായയുടെ കടിയേറ്റത്.
സാരമായി പരുക്കേറ്റ ചന്ദ്രനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളേജില്‍ 24,000 രൂപ ചികിത്സാ ചെലവായി ചന്ദ്രന് അടക്കേണ്ടി വന്നു. എന്നാല്‍ ഇതുവരെയായി യാതൊരുവിധ സാമ്പത്തിക സഹായവും ചന്ദ്രനു ലഭിച്ചില്ല.
സാമ്പത്തികസഹായം ലഭിക്കാന്‍ ചന്ദ്രന് അര്‍ഹനാണെന്ന വിലയിരുത്തലിലാണ് കമ്മിഷന് ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും കലക്ടറോടും റിപ്പോര്‍ട്ട് തേടിയത്.
കാഴ്ചവൈകല്യമുളള കുട്ടികള്‍ക്കു പരീക്ഷയില്‍ ആനുപാതികമായ മാര്‍ക്ക് അനുവദിക്കണമെന്ന പരാതിയില്‍ കമ്മിഷന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറോടും പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി.
പരീക്ഷയില്‍ കാഴ്ചവൈകല്യമുളളളവര്ക്ക് ഈ ചോദ്യങ്ങള്‍ക്ക് ആനുപാതികമായി മാര്‍ക്കു നല്‍കുകയോ അല്ലെങ്കില്‍ ഇവര്ക്കുതകുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുകയോ ചെയ്യണമെന്ന കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രണ്ടു കുട്ടികളുടെ അപേക്ഷയിലാണു കമ്മിഷന്റെ നടപടി. സിറ്റിങില്‍ മൂന്നു പുതിയ പരാതികളടക്കം 66 കേസുകള്‍ പരിഗണിച്ചു. 18 കേസുകള്‍ തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."