വിജിലന്‍സ് ഡയറക്ടര്‍ക്ക് കേസെടുക്കാന്‍ അധികാരമില്ലെന്ന് വിജ്ഞാപനം
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ക്ക് കേസെടുക്കാന്‍ അധികാരമില്ലെന്ന വിജ്ഞാപനം പുറത്ത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് അഴിമതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കാം. പക്ഷേ നേരിട്ട് കേസെടുക്കാനുള്ള അധികാരമില്ലെന്ന് വിജിലന്‍സ് തന്നെ വ്യക്തമാക്കുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറുടെ അധികാരം എടുത്തു മാറ്റിയിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടും ഉത്തരവ് തിരുത്തിയില്ല.തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തിന് പൊലിസ് സ്റ്റേഷന്റെ പദവിയും അധികാരവും നല്കുന്ന 2000ത്തിലെ വിജ്ഞാപനം കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് രഹസ്യമായി റദ്ദാക്കിയിരുന്നു. ഇതോടെ വിജിലന്‍സ് ആസ്ഥാനത്തിന് പൊലിസ് സ്റ്റേഷന്റെ അധികാരമില്ല. പരാതിയില്‍ അന്വേഷണം നടത്താനും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനുമുളള അധികാരം വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇല്ലാതായി.
മന്ത്രിമാര്‍ക്കെതിരെയോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയോ പരാതി കിട്ടിയാല്‍ വിജിലന്‍സ് ഡയറക്ടര്‍ അതില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കിലും നിയമപരമായി ചോദ്യം ചെയ്യാനാകില്ല. കീഴ് യൂനിറ്റുകളിലേക്ക് പരാതി കൈമാറാനുളള ബാധ്യതയും ഡയറക്ടര്‍ക്കില്ല. വിജിലന്‍സ് ഡയറക്ടര്‍ക്ക് അഡ്മിനിസ്ട്രേഷന്റെയും കേസന്വേഷണത്തിന്റെ മേല്‍ നോട്ടത്തിന്റെയും ഭാരിച്ച ചുമതലയുണ്ട്. അതിനാല്‍ പൊലിസ് സ്റ്റേഷന്റെ ചുമതല അധിക ഭാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ സര്‍ക്കാര്‍ അസാധാരണ നോട്ടിഫിക്കേഷനിലൂടെ അധികാരം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."