ഫോര്‍ട്ട്‌കൊച്ചി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തന സജ്ജമായില്ല
മട്ടാഞ്ചേരി: സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാകേണ്ട ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഇനിയും പ്രവര്‍ത്തന സജ്ജമാകാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നു.
ഒരു വര്‍ഷം മുമ്പ് അന്നത്തെ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത ഡയാലിസിസ് സെന്റര്‍ കഴിഞ്ഞ ആഴ്ച എല്‍.ഡി.എഫിന്റ നേതൃത്വത്തില്‍ വീണ്ടും ഉദ്ഘാടനം ചെയ്തിരുന്നു. കൊച്ചി നഗരസഭ മേയറെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് എല്‍.ഡി.എഫ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചത്.
എന്നാല്‍ ഉദ്ഘാടനം മാമാങ്കം കഴിഞ്ഞിട്ടും ഒരു രോഗിയെ പോലും ഡയാലിസിസ് ചെയ്യാന്‍ കഴിയാത്തത് വലിയ നാണക്കേടായി മാറി. കഴിഞ്ഞ 26ന് രോഗികളെ ബുക്ക് ചെയ്തതാണെങ്കിലും നടന്നില്ല. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ശുദ്ധ ജലത്തില്‍ ആല്‍ക്കലൈന്റെ അംശം കൂടുതലുണ്ടെന്നതാണ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. ഡയാലിസിസിനുള്ള ലായനിയില്‍ സോഡിയം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം കൂടുതലുള്ളതിനാല്‍ ഉപയുക്തമാകില്ലന്നുമാണ് പറയുന്നത്.
കുടിവെള്ളത്തില്‍ ആല്‍ക്കലൈന്റെ അളവ് കൂടിയാല്‍ തന്നെ കൂടുതല്‍ വൃക്ക രോഗികളെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്നിരിക്കെ സര്‍ക്കാരോ, വാട്ടര്‍ അതോറിറ്റിയോ, നഗരസഭയോ ഇത് കണ്ടില്ലന്ന് നടിക്കുകയാണ്. ആല്‍ക്കലൈന്റെ ആധിക്യം ഹൈഡ്രോ ക്‌ളോറിക്ക് ആസിഡ് ചേര്‍ത്താല്‍ നിര്‍വീര്യമാക്കാന്‍ കഴിയും. ജില്ലയില്‍ നിരവധി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നിരിക്കെ ഫോര്‍ട്ട്‌കൊച്ചിയിലെ ഡയാലിസിസ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതര്‍ പുലര്‍ത്തുന്ന മൗനം സ്വകാര്യ സെന്റെറുകളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഡയാലിസിസ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, രോഗികളില്‍ നിന്ന് കുറഞ്ഞ ഫീസ് ഈടാക്കുമ്പോള്‍ നടത്തിപ്പിന് ഫണ്ട് സ്വരൂപിക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സൊസൈറ്റി രൂപീകരിക്കുക, ജീവനക്കാര്‍ക്ക് അടിക്കടി സ്ഥലമാറ്റം ഉണ്ടാവാത്ത രീതിയില്‍ ക്രമീകരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മദര്‍ തെരേസ ഗ്‌ളോബല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.ജെ ഹൈസിന്ത് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ, മേയര്‍ സൗമിനി ജയിന്‍,ജല വിഭവ വകുപ്പ് മന്ത്രി മാത്യൂ ടി.തോമസ് എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."