സാഹസിക ഡ്രൈവിങ് പ്രകടനം ആവേശമായി
ആലക്കോട്: കാതടപ്പിക്കുന്ന ശബ്ദത്തോടെ അതിവേഗത്തില്‍ ചീറിപ്പായുന്ന ജീപ്പുകള്‍ കുന്നുകളും കുഴികളും താണ്ടുമ്പോള്‍ കാണികളില്‍ ആവേശം. കരുവഞ്ചാല്‍ ഹിപ്പി കവലക്ക് സമീപം പത്തെക്കറില് തയ്യാറാക്കിയ മണ്‍ട്രാക്കില്‍ വേഗതയുടെയും സാഹസികതയുടെയും കരുത്താണ് തെളിഞ്ഞത്.
കണ്ണൂര്‍ റൈഡേഴ്സ് ആന്റ് ഓഫ് റോഡേഴ്സ് ക്ളബിന്റെ നേതൃത്വത്തില്‍ നടന്ന ഓഫ് റോഡ് ഡ്രൈവിങ് മത്സരത്തിനാണ് കരുവഞ്ചാല്‍ ഹിപ്പികവല വേദിയായത്. വയനാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ നടക്കാറുള്ള ഈ മത്സരം ആദ്യമായാണ് കണ്ണൂരിലെ മലയോരത്ത് നടന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ക്കുന്നും കുഴികളും തയ്യാറാക്കിയാണ് മത്സരത്തിന് ട്രാക്ക് ഒരുക്കിയത്. അത്യന്തം പ്രയാസമേറിയ ട്രാക്കില്‍ കുറഞ്ഞസമയത്തിനുള്ളില്‍ ലക്ഷ്യം കണ്ടെത്തുന്ന ഈ മത്സരത്തില്‍ അപകടം സഹയാത്രികനാണ്.
പ്രത്യേക രീതിയില്‍ ഘടിപ്പിച്ച സ്പ്രിങ്ങുകളും ടയറുകളുമുള്ള നാലുചക്രവാഹനങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. എല്ലാവിധത്തിലുള്ള സുരക്ഷാ സംവിധാനത്തോടെയാണ് മത്സരം നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഇരുപതോളം വാഹനങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ ട്രാക്കിനുചുറ്റും തിങ്ങിനിറഞ്ഞു. രാവിലെ 10 നു തുടങ്ങിയ മത്സരങ്ങള്‍ ഏറെ വൈകിയാണ് അവസാനിച്ചത്.
തമിഴ് നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു പോലും മത്സരിക്കുന്നതിനും കാണികളാകാനും നിരവധിപേര്‍ എത്തിയിരുന്നു.അഞ്ചുലക്ഷം രൂപയാണ് വിജയികള്‍ക്കുള്ള സമ്മാനതുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."