ജിദ്ദ - കൊച്ചി എയര്‍ ഇന്ത്യ വിമാനം കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യമുയരുന്നു
ജിദ്ദ : കരിപ്പൂര്‍ വിമാനത്താവള റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയായതിനാല്‍ ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം കോഴിക്കോട്ടേക്ക് സര്‍വിസ് നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ റണ്‍വേ സുരക്ഷിതമല്ലെന്നതിനാലാണ് കോഴിക്കോട് ജിദ്ദ വിമാന സര്‍വിസ് കൊച്ചിയിലേക്ക് മാറ്റിയത്.
നിലവില്‍ കോഴിക്കോടുനിന്നു നേരിട്ട് വിമാന സര്‍വിസ് ഇല്ലാത്ത പ്രധാന ഗള്‍ഫ് നഗരമാണ് ജിദ്ദ. മലബാറിലെ ആയിരക്കണക്കിന് പ്രവാസികളും ഉംറ തീര്‍ഥാടകരും ഇക്കാരണത്താല്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു.
കോഴിക്കോട് - ജിദ്ദ റൂട്ടില്‍ കണക്ഷന്‍ വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. ഇക്കാരണത്താല്‍ മലബാറിലെ പ്രവാസി കുടുംബങ്ങള്‍, രോഗികള്‍, മരണം പോലുള്ള അടിയന്തിര ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ തുടങ്ങിയവര്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കേണ്ടി വരുന്നു. ഇത് വളരെയധികം യാത്ര ബുദ്ധിമുട്ടും സമയ നഷ്ടവും ഉണ്ടാക്കുന്നു.
കരിപ്പൂര്‍ വിമാനത്താവള റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയായതിനാല്‍ നിലവില്‍ ജിദ്ദ കൊച്ചി എയര്‍ ഇന്ത്യ സര്‍വീസ് കോഴിക്കോട് വരെ നീട്ടിയാല്‍ അത് മലബാറിലെ യാത്രക്കാര്‍ക്ക് വളരെ അനുഗ്രഹമാകും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ അനുകൂല തീരുമാനം ഉടനെ ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."