കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടിലും നീലഗിരിയിലുമായി രണ്ടുപേര്‍ കൊല്ലപ്പെട്ടു
സുല്‍ത്താന്‍ ബത്തേരി പന്തല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടിലും നീലഗിരിയിലുമായി രണ്ടുപേര്‍ കൊല്ലപ്പെട്ടു. വയനാട്ടിലെ വടക്കനാട് പള്ളിവയല്‍ മണലിമൂല നായിക്ക കോളനിയിലെ മാരന്റെ മകന്‍ രാജനും(32) നീലഗിരിയില്‍ ചേരങ്കോട് കൊളപ്പള്ളി ടാന്‍ടി നാലാം ഡിവിഷനിലെ നാരായണ സ്വാമി (70)യുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ജോലി കഴിഞ്ഞ് വനത്തിലൂടെ കോളനിയിലേക്ക് മടങ്ങുമ്പോഴാണ് വീട്ടില്‍ നിന്നും 150 മീറ്ററോളം അകലെ വച്ച് രാജനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. രാജന്‍ വീട്ടില്‍ തിരച്ചെത്താത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പിതാവ് മാരന്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും പുറത്തും ആന ആക്രമിച്ച മുറിവുകള്‍ ഉണ്ട്.
ഇതിനിടെ സ്ഥലത്തെത്തിയ വനപാലകര്‍ക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കലക്ടര്‍ സ്ഥലത്തെത്തണമെന്നും ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്നും മതിയായ നഷ്ടരിഹാരം നല്‍കണമെന്നും ഇതിനു ശേഷം മാത്രമേ മൃതദേഹം പോസ്‌റ്റോമോര്‍ട്ടത്തിന് അയക്കുകയുള്ളൂവെന്നും നാട്ടുകാര്‍ ശഠിച്ചു.
സ്ഥലത്തെത്തിയ കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജിത് കെ രാമനെയും, വയനാട് വന്യജീവി സങ്കേതം മേധാവി പി ധനേഷ്‌കുമാര്‍, ബത്തേരി റേഞ്ചര്‍ കൃഷ്ണദാസ്, എലിഫന്റ് സ്‌ക്വാഡ് റേഞ്ചര്‍ വിനോദ് എന്നിവരേയും പ്രതിഷേധക്കാര്‍ തടഞ്ഞു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍ അടക്കമുള്ള ജനപ്രതിനിധികളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മരിച്ച രാജന്റെ ഭാര്യ ബിന്ദുവിന് വനംവകുപ്പില്‍ താല്‍ക്കാലിക ജോലിയും പത്ത് ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ തീരുമാനമായി. ഇതില്‍ അഞ്ചുലക്ഷം രൂപ ഉടന്‍ നല്‍കും. ബാക്കി ധനസഹായത്തിനായി സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യാനുമാണ് തീരുമാനം.
പ്രദേശത്ത് ഫെന്‍സിങ് സംവിധാനം ശക്തമാക്കാനും ആനയെ നിരീക്ഷിച്ച് സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്നമുറയ്ക്ക് കോളര്‍ ഐഡി ഘടിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് 12 ഓടെ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. ബൊമ്മിയാണ് രാജന്റെ മാതാവ്. മക്കള്‍: സുനില്‍ കുമാര്‍, മഞ്ജു, ചിഞ്ചു, ഒരു വയസ്സുള്ള ആണ്‍കുട്ടിയുമുണ്ട്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് നാരായണ സ്വാമിയെ കാട്ടാന കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കുന്നതിനിടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദേവാല ഡിവൈ.എസ്.പി ശക്തിവേലുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മൃതദേഹം പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പന്തല്ലൂര്‍ താലൂക്കില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിജയലക്ഷ്മിയാണ് നാരായണ സ്വമിയുടെ ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."