വടക്കന്‍ ജില്ലകളില്‍ ഭീതി പരത്തിയ 'ബ്ലാക്ക്മാന്‍' തലശ്ശേരിയില്‍ പിടിയിലായി
തലശ്ശേരി: മലബാര്‍ മേഖലയില്‍ രാത്രി കാലങ്ങളില്‍ ഭീതി പരത്തിയ ബ്ലാക്ക്മാന്‍ തലശ്ശേരി പൊലിസിന്റെ പിടിയിലായി. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വേദേശിയും വയനാട് പനമരം കരണി നാലാം കോളനിയില്‍ താമസക്കാരനുമായ രാജപ്പനെ(35)യാണ് തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ 25 ലേറെ കേസുകളില്‍ പ്രതിയായ രാജപ്പന്റെ നേതൃത്വത്തില്‍ പത്ത് പേരടങ്ങുന്ന കവര്‍ച്ചാ സംഘം വര്‍ഷങ്ങളായി മലബാര്‍ മേഖലകളില്‍ മോഷണ പരമ്പരകള്‍ നടത്തി വരികയായിരുന്നു.
എടക്കാട് കടമ്പൂരിലെ കളപ്പുറത്ത് കുനിയില്‍ രമ്യയുടെ മാല കവര്‍ച്ച ചെയ്ത കേസിലാണ് ഇയാലെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് രാജപ്പന്‍ രമ്യയുടെ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് രമ്യയുടെ കഴുത്തില്‍ നിന്ന് മൂന്നര പവന്‍ സ്വര്‍ണ മാല കവര്‍ന്നത്. കവര്‍ന്ന സ്വര്‍ണമാല വില്‍ക്കാനായി തലശ്ശേരിയില്‍ എത്തിയപ്പോഴാണ് പ്രതിയെ ലോഗന്‍സ് റോഡില്‍ വച്ച് മല്‍പ്പിടുത്തത്തിലൂടെ പൊലിസ് പിടികൂടിയത്.
ധരിച്ചിരിക്കുന്ന ഷര്‍ട്ടും മുണ്ടും അഴിച്ച് അരയില്‍ കെട്ടിയ ശേഷം ട്രൗസര്‍ മാത്രം ധരിച്ച് രാത്രി കാലങ്ങളില്‍ ഭീതി പരത്തുന്നത് ഇയാളുടെ പതിവാണ്. പിന്നീട് ഭീതിയിലാവുന്ന നാട്ടുകാര്‍ രാത്രിയില്‍ വീട്ടിന് വെളിയിലിറങ്ങാവുന്നതോടെയാണ് ഇയാള്‍ മോഷണത്തിന് ഇറങ്ങുന്നത്.
2008 ല്‍ തലശ്ശേരിയില്‍ വച്ച് രാജപ്പനുള്‍പ്പെടെയുള്ള എട്ടംഗ സംഘത്തെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുഴപ്പിലങ്ങാട് കേന്ദ്രീകരിച്ചായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്. 24 വര്‍ഷം കഠിന തടവിനാണ് അന്ന് വിവിധ കേസുകളിലായ് രാജപ്പനും സംഘത്തിനും തലശ്ശേരി കോടതി വിധിച്ചിരുന്നത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് ശിക്ഷ അഞ്ച് വര്‍ഷമായി കുറക്കുകയും ചെയ്തു. 2013 ല്‍ പുറത്തിറങ്ങിയ രാജപ്പന്‍ മുഴപ്പിലങ്ങാട് നിന്ന് വയനാട്ടിലേക്ക് ചേക്കേറുകയായിരുന്നു.
മീനങ്ങാടിയില്‍ ദിവസങ്ങളോളം ഭീതി പരത്തിയ ബ്ലാക്ക്മാനെ നാട്ടുകാര്‍ സംഘടിച്ച് പിടികൂടിയിരുന്നു.
കോടതി മൂന്ന് വര്‍ഷം കഠിന തടവിന് വിധിക്കുകയും ചെയ്തു. 2016 നവംബര്‍ 15നാണ് ശിക്ഷ കഴിഞ്ഞ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മലബാര്‍ മേഖലയിലെ വിവിധ ഇടങ്ങളില്‍ ബ്ലാക്ക്മാന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയിരുന്നതായി പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."