വലിയ ലക്ഷ്യത്തിലേക്കു ചുവടുവച്ച് പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്
പൂനെ: ഇവിടെ ലക്ഷ്യം ഒന്നു മാത്രമേയുള്ളു. അത് കായിക താരങ്ങളിലായാലും പരിശീലകരിലായാലും. ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ നിന്നൊരു മെഡലെന്ന രാജ്യത്തിന്റെ സ്വപ്നം പൂവണിയിക്കുക. അടുത്ത ടോക്യോ ഒളിംപിക്‌സില്‍ തന്നെ മോഹം സാക്ഷാത്കരിക്കുക. ആ വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് പൂനെയിലെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവിടെ കായിക താരങ്ങളും പരിശീലകരും ഉള്‍പ്പടെ 500 പേരുണ്ട്. ഇതില്‍ 180 പേര്‍ അത്‌ലറ്റിക്ക് താരങ്ങളാണ്. അത്‌ലറ്റിക്‌സില്‍ മാത്രമല്ല ഗെയിം ഇനങ്ങളില്‍ മികവു തെളിയിച്ചവരും ഇവിടെ കഠിന പരിശീലനത്തിലാണ്. അത്‌ലറ്റിക്‌സില്‍ പരിശീലനത്തിന് ചുക്കാന്‍ പിടിക്കുന്നത് മലയാളികള്‍ ഉള്‍പ്പെട്ട പരിശീലകരാണ്. മുഹമ്മദ് കുഞ്ഞിയും ഹംസ ചാത്തോളിയും ഷൈജുവും പിന്നെ ഇന്ത്യന്‍ പരിശീലകന്‍ സുരേന്ദ്രര്‍ സിങുമൊക്കെ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നു കണ്ടെത്തുന്ന താരങ്ങളുടെ പ്രതിഭയെ രാകി മിനുക്കുകയാണിവിടെ. പുലര്‍കാലത്ത് തുടങ്ങുന്ന പരിശീലനം. പട്ടാളച്ചിട്ടയ്ക്ക് തെല്ലും വിട്ടുവീഴ്ചയില്ല. പരിശീലനത്തിനു തന്നെ വിവിധ തലങ്ങളുണ്ട്. നിശ്ചദാര്‍ഢ്യം കൈവിടാതെ ഒരു ലക്ഷ്യം മാത്രമാണ് ഈ പരിശീലനത്തിനു പിന്നിലുള്ളത്. മോഹിപ്പിച്ചു വഴുതി പോകുന്ന ഒളിംപിക്‌സ് മെഡല്‍.
2005 ലാണ് ഒളിംപിക്‌സ് താരങ്ങളെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തിനായി പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങുന്നത്. ആധുനിക പരിശീലന സൗകര്യങ്ങള്‍, അര്‍പ്പണബോധമുള്ള പരിശീലകര്‍, മികച്ച താരങ്ങള്‍. ഇവര്‍ കൈകോര്‍ത്തതോടെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ രാജ്യത്തെ ഒന്നാം നിര കായിക പരിശീലന കേന്ദ്രമായി മാറാന്‍ പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞു. ബ്രസീലിലെ റിയോയിലേക്ക് കഴിഞ്ഞ തവണ യോഗ്യത നേടി പറന്നത് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു താരങ്ങളായിരുന്നു. അത് ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു. ആ വലിയ ലക്ഷ്യത്തെ ഓടി കീഴടക്കാന്‍ വൈകില്ലെന്നതിനുള്ള തെളിവാണ് ഇതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനും ഇന്ത്യയുടെ മികച്ച മധ്യദൂര ഓട്ടക്കാരനുമായ ഹംസ ചാത്തോളി സുപ്രഭാതത്തോട് പറഞ്ഞു. മലയാളികളായ കുഞ്ഞിമുഹമ്മദ്, ജിന്‍സണ്‍ ജോണ്‍സണ്‍, എന്നിവരും ആരോക്യരാജീവുമാണ് കഴിഞ്ഞ ഒളിംപിക്‌സില്‍ റിയോയില്‍ ഓടാനിറങ്ങിയത്. മലയാളിയായ രാജ്യാന്തര പരിശീലകന്‍ മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലാണ് താരങ്ങളുടെ പരിശീലനം. അത്‌ലറ്റിക്‌സിലെ എല്ലായിനങ്ങളിലും പരിശീലനം നല്‍കുന്നതോടൊപ്പം റസ്‌ലിങ്ങ്, ബോക്‌സിങ് തുടങ്ങിയ ഗെയിംസിനങ്ങളിലും മികച്ച പരിശീലന സൗകര്യമാണ് ഇവിടെയുള്ളത്.
ആധുനിക സൗകര്യങ്ങളോടെയുള്ള സിന്തറ്റിക് ട്രാക്ക്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്റര്‍, മികച്ച കായിക ചികിത്സാ ആശുപത്രി എന്നിവയെല്ലാം പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതകളാണ്. രാജ്യത്തു നടക്കുന്ന വിവിധ ദേശീയ മേളകളില്‍ നിന്നാണ് താരങ്ങളെ കണ്ടെത്തുന്നത്. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 12 വയസിനു മുകളിലുള്ളവര്‍ക്കാണ് ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം. സൗജന്യ വിദ്യാഭ്യാസം, കഴിവ് തെളിയിച്ച വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും മികച്ച പരിശീലനം. 18 വയസ് പൂര്‍ത്തിയായാല്‍ ആര്‍മിയില്‍ നിയമനം. കായിക രംഗത്തെ താരങ്ങളുടെ പ്രകടനം മുന്‍നിര്‍ത്തിയാണ് ആര്‍മിയില്‍ റാങ്കിങ് നല്‍കുന്നത്. കായിക രംഗത്ത് പ്രകടനത്തിനനുസരിച്ച് എത്ര കാലം വേണമെങ്കിലും ഇവിടെ നിന്നു വിദഗ്ധ പരിശീലനം ലഭിക്കും. ഇനി കായിക രംഗത്തെ പ്രകടനം മോശമായാല്‍ സൈന്യം നിര്‍വഹിക്കുന്ന സാധാരണ ജോലികള്‍ക്കായി വിവിധ റജിമെന്റുകളിലേക്ക് നിയമിക്കും. വരാനിരിക്കുന്ന ദേശീയ സ്‌കൂള്‍ ജൂനിയര്‍ വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന കായിക താരങ്ങളെ കണ്ടെത്തി പ്രവേശനം നല്‍കി പരിശീലിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."