സ്ത്രീകള്‍ക്ക് സ്വയംരക്ഷാ പരിശീലന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കായി സ്വയംരക്ഷാ പരിശീലന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. മൂന്നുലക്ഷം രൂപ വീതം ചെലവഴിച്ച് സംസ്ഥാനത്തെ 18 കേന്ദ്രങ്ങളിലാണ് സ്ഥാപിക്കുക. ഇതിനുപുറമെ സംസ്ഥാനതല പരിശീലന കേന്ദ്രം തിരുവനന്തപുരത്തും സ്ഥാപിക്കും.അടുത്തമാസം അവസാനത്തോടെ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ പ്രാപ്തരാക്കുന്ന ബോധവല്‍കരണ പരിപാടികള്‍, കായിക പരിശീലനം എന്നിവ ഈ കേന്ദ്രങ്ങളില്‍ നിന്ന് നല്‍കും.
സ്‌കൂള്‍, കോളജ്, ഓഫിസ് കോംപ്ലക്‌സ്, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശീലനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി 500 ഓളം വനിതാ പൊലിസുകാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
പരിശീലനത്തിനായുള്ള കൈപ്പുസ്തകം, സി.ഡി എന്നിവയും തയാറായിട്ടുണ്ട്. ബസിലും ട്രെയിനിലുമുള്ള ശല്യപ്പെടുത്തലുകള്‍, മാല പിടിച്ചുപറിക്കല്‍, ബാഗ് തട്ടിപ്പറിക്കല്‍, ലിഫ്റ്റിനുള്ളിലെ അതിക്രമം, എ.ടി.എമ്മിനുള്ളിലെ ആക്രമണം, ആസിഡ് ആക്രമണം, ഗാര്‍ഹികാതിക്രമങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് രക്ഷപ്പെടാനുള്ള ലളിതമായ കായിക പ്രതിരോധവിദ്യകളാണ് സ്വയംരക്ഷാ പരിശീലന പദ്ധതിയിലുള്ളത്. 60 മണിക്കൂറുള്ള സിലബസാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.
കായികപ്രതിരോധ വിദ്യകള്‍ക്കൊപ്പം സ്ത്രീസംരക്ഷണ നിയമങ്ങള്‍, അതിക്രമങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ മാര്‍ഗങ്ങള്‍, പൊലിസ് സംവിധാനങ്ങള്‍, വ്യക്തിത്വവും ആത്മവിശ്വാസവും വളര്‍ത്തുന്നതിനുള്ള മനഃശാസ്ത്ര ക്ലാസുകള്‍ എന്നിവയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."