വൈക്കം വിജയലക്ഷ്മി ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക്
കോട്ടയം: കാറ്റേ..കാറ്റേ.. എന്ന ഗാനത്തിലൂടെ ചലച്ചിത്ര മേഖലയില്‍ ശ്രദ്ധേയയായ വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ നിറപ്പകിട്ടാര്‍ന്ന ലോകത്തിലേക്ക്. ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയതോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു. അധികം വൈകാതെ കാഴ്ച പൂര്‍ണമായും ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ പ്രകാശം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. കൂടാതെ വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും സാധിക്കും. വിധി തട്ടിമാറ്റിയ കാഴ്ച തിരികെലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വിജയലക്ഷ്മിയുമുള്ളത്. കാഴ്ച ലഭിച്ചാല്‍ ആദ്യം ആരെ കാണണമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ വിജയലക്ഷ്മിക്കുള്ളൂ. തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍നിന്ന, തന്റെ കണ്ണായി കൂടെനിന്ന അച്ഛനെയും അമ്മയെയും കാണണം. കൂടാതെ തന്റെ കഴുത്തില്‍ താലിചാര്‍ത്താന്‍ പോകുന്നയാളെയും കാണാന്‍ മോഹിച്ച് കാഴ്ചയുടെ പൂര്‍ണതയിലേക്കെത്തുന്ന ദിനത്തിനായി കാത്തിരിക്കുകയാണവര്‍. ഓരോ ദിവസം ചെല്ലുന്തോറും പ്രകാശം തിരിച്ചറിയാനുള്ള ശേഷി വര്‍ധിക്കുന്നുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. ചെറിയ തോതില്‍ വസ്തുക്കളെ തിരിച്ചറിയാന്‍ തുടങ്ങിയതോടെ വിജയലക്ഷ്മിയുടെ കുടുംബവും ഏറെ പ്രതീക്ഷയിലാണ്.
ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നത്. ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സയ്‌ക്കൊടുവിലാണ് വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിനെ സമ്പൂര്‍ണ വൈകല്യരഹിത പഞ്ചായത്താക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ഈ ഡോക്ടര്‍ ദമ്പതിമാര്‍. ഇതിന്റെ ഭാഗമായി ജനനിവിജയ പദ്ധതിക്ക് ഇവര്‍ തുടക്കംകുറിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."