വത്സരാജക്കുറുപ്പ് വധം: വിചാരണ അടുത്തമാസം
തലശ്ശേരി: ആര്.എസ്.എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന പാനൂരിലെ അഡ്വ. വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫെബ്രുവരി 15 ലേക്ക് മാറ്റി. ഇന്നലെ വിചാരണ നടപടി ആരംഭിക്കാനിരിക്കയായിരുന്നു. ക്രൈംബ്രാഞ്ചായിരുന്നു കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കേസിലെ മൂന്നാം പ്രതിയെ വത്സരാജക്കുറുപ്പ് അപമാനിച്ചെന്നാരോപിച്ച് കൂട്ടുപ്രതികളുമായെത്തി കൊല നടത്തിയെന്നായിരുന്നു പ്രൊസിക്യൂഷന് കേസ്.
സി.പി.എം പ്രവര്‍ത്തകരായ ചമ്പാട് എട്ടുവീട്ടില്‍ സജീവന്(34), ഓട്ടക്കാത്ത് വീട്ടില്‍ കെ ഷാജി എന്ന ചെട്ടി ഷാജി(27), ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിയായ പന്തക്കല്‍ മാലയാട്ട് വീട്ടില്‍ മനോജ്(28), പന്ന്യന്നൂര്‍ പാലപ്പൊയില്‍ സതീശന്(34), ചൊക്ലി നിടുമ്പ്രം പടിഞ്ഞാറെ കുനിയില്‍ കക്കാടന്‍ പ്രകാശന്(32), അരയാക്കൂല്‍ സൗപര്‍ണികയില്‍ ശരത്(26), അരയാക്കൂല്‍ കൂറ്റേരി വീട്ടില്‍ കെ.വി രാഗേഷ്(25) എന്നിവരാണ് കേസിലെ പ്രതികള്‍.
2007 മാര്‍ച്ച് നാലിന് രാത്രി 11ഓടെയാണ് കേസിനാസ്പദമായ സംഭവം. രാത്രി വീട്ടിലെത്തിയ സംഘം വത്സരാജക്കുറുപ്പിനെ വിളിച്ചിറക്കി ഭാര്യയുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."