ലോകകപ്പ് ഫുട്ബോളില്‍ ഇനി 48 ടീമുകള്‍
സൂറിച്ച്: ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്നു 48 ആയി ഉയര്‍ത്താന്‍ തീരുമാനം. ടീമുകളുടെ എണ്ണം കൂട്ടാനുള്ള ഫിഫ പ്രസിഡന്റ് ജിയന്നി ഇന്‍ഫാന്റിനോയുടെ പദ്ധതിയെ ഫിഫ കൗണ്‍സില്‍ ഒറ്റക്കെട്ടായി അംഗീകരിച്ചതോടെയാണ് തീരുമാനം നടപ്പിലാകാനുള്ള വഴി തെളിഞ്ഞത്. 2026ല്‍ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകള്‍ മാറ്റുരയ്ക്കും.
പ്രാഥമിക ഘട്ടത്തില്‍ മൂന്നു വീതം ടീമുകളെ ഉള്‍പ്പെടുത്തി 16 ഗ്രൂപ്പുകളാക്കി തിരിച്ചു മത്സരം നടത്താനാണു തീരുമാനമെന്ന് ഫിഫയുടെ ട്വീറ്റില്‍ വ്യക്തമാക്കി. ഒരോ ഗ്രൂപ്പില്‍ നിന്നു കൂടുതല്‍ പോയിന്റ് നേടുന്ന ഒരു ടീം പ്രീ ക്വാര്‍ട്ടറില്‍ എത്തും. എണ്ണം ഉയര്‍ത്തുന്നതോടെ ഏഷ്യയും ആഫ്രിക്കയുമടക്കമുള്ള കോണ്ഫെഡറേഷനുകള്ക്ക് കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നതാണു ഇതിന്റെ പ്രത്യേകത. നിലവില്‍ നാലു ടീമുകളാണ് ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ നിന്നു നേരിട്ടു യോഗ്യത നേടുന്നത്. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ നടക്കുന്ന 37 അംഗ ഫിഫ കൗണ്‍സില്‍ യോഗത്തിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കും.
ഫുട്ബോളിന്റെ ആഗോള പ്രചാരം കൂട്ടാന്‍ വേണ്ടിയാണു ടീമുകളുടെ എണ്ണം കൂട്ടുന്നതു സംബന്ധിച്ച് ആലോചനകള്‍ നടന്നതെന്നു നേരത്തെ ഫിഫ തലവന്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."