ഹിജാബ് ധരിച്ച ഫോട്ടോ നല്കിയതിനാല് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതായി പരാതി
കൊച്ചി: ഹിജാബ് ധരിച്ച ഫോട്ടോ നല്കിയതിനാല് ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ തനിക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതായി ആലപ്പുഴ വടുതല സ്വദേശി ആസിയ ഇബ്രാഹിം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതിനെതിരേ വനിതാ കമ്മിഷനെ സമീപിക്കുമെന്നും ആസിയ കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂര്‍ മാര്ട്ടിന് ഹോമിയോപ്പതി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലില്‍ നിന്നും ബി.എച്ച്.എം.എസും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയ തന്റെ പെര്‍മനന്റ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റാണ് ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ ഹിജാബ് ധരിച്ച ഫോട്ടോ നല്‍കിയെന്ന കാരണത്താല്‍ നിഷേധിക്കുന്നതെന്നും യുവതി പറഞ്ഞു.
സര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെട്ട രേഖകളുമായി ചെന്നപ്പോള്‍ ഹിജാബ് അഴിച്ച് ചെവിയും കഴുത്തും പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ ഇല്ലാതെ അപേക്ഷ സ്വീകരിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞതായി ആസിയ പറഞ്ഞു.
സംഭവത്തില്‍ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഗേള്‍സ് ഇസ് ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന സമിതി അംഗം ആനിസ മുഹ്യിദ്ദീന്, ഗേള്‍സ് ഇസ് ലാമിക് ഓര്ഗനൈസേഷന് ജില്ലാ പ്രസിഡന്റ് വി.എച്ച് ഷെറിന് ഷഹന, സെക്രട്ടറി അസ്ന കെ അമീന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."