മാവോയിസ്റ്റ് വേട്ട: വനമേഖലയില്‍ പരിശോധന നടത്തി
കാളികാവ്: മാവോയിസ്റ്റുകള്‍ക്കു നേരെ പൊലിസ് വെടിവയ്പ് നടത്തിയ കരുളായി വനമേഖലയില്‍ കേന്ദ്ര ബാലിസ്റ്റിക് വിദഗ്ധരും ഡോക്ടര്‍മാരും പരിശോധന നടത്തി. കേന്ദ്ര ബാലിസ്റ്റിക് വിദഗ്ധ സംഘവും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പൊലിസ് സര്‍ജനും അസോസിയേറ്റ് പ്രൊഫസര്‍മാരുമടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഇരു ഭാഗത്തുനിന്നും വെടിവയ്പുണ്ടായിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് സംഘം പരിശോധിച്ചത്. മാവോയിസ്റ്റുകള്‍കള്‍ക്കു നേരെ പ്രകോപനമില്ലാതെ പൊലിസ് വെടിയുതിര്‍ത്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധനയും തെളിവെടുപ്പും നടത്തുന്നത്.
ബാലിസ്റ്റിക് വിദഗ്ധരുടെ അന്വേഷണത്തില്‍ വെടിയുതിര്‍ത്ത അകലംവരെ കണ്ടെത്താനാകും. കേന്ദ്ര സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കിയാണ് സംഘത്തിന്റെ സഹായം തേടിയത്. വെടിയേറ്റ് മരണപ്പെട്ട മാവോയിസ്റ്റുകളായ കുപ്പുസ്വാമി ദേവരാജ്, അജിത എന്നിവരെ ദേഹ പരിശോധനയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുടെ സംഘമാണ് കരുളായി വനമേഖലെത്തിയത്. മാവോയിസ്റ്റുകളെ പിടിച്ചുനിര്‍ത്തി വളരെ അടുത്തുനിന്ന് വെടിവച്ചിട്ടുണ്ടോയെന്നാണ് സംഘം പരിശോധനയ്ക്കു വിധേയമാക്കിയത്.
വളരെ ശ്രദ്ധയോടെയാണ് അന്വേഷണ സംഘത്തെ മലയിലെത്തിച്ചത്. അന്വേഷണവുമായി മലയിലെത്തുന്നവരെ മാവോയിസ്റ്റുകള്‍ തിരിച്ചടിയുടെ ഭാഗമായി അപായപ്പെടുത്താനുള്ള സാധ്യതയുമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. കാട്ടുപാതകളില്‍ കുഴിബോംബിനെ പൊലിസും ഭയപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."