കോതമംഗലം മേഖല കഞ്ചാവ് മാഫിയയുടെ ഹബ്ബായി രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായി വിതരണക്കാരന്‍ പിടിയില്‍
കോതമംഗലം: ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം കഞ്ചാവ് വില്‍പന സംഘത്തിന്റെ പിടിയില്‍. രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായി വിതരണക്കാരനായ ആസാം സ്വദേശി പിടിയില്‍.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായി ആസാം സ്വദേശി മുഫിദുല്‍ ഇസാം (31)നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ റോയിയും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തു. കോതമംഗലം, പോത്താനിക്കാട് ,അടിവാട്, പല്ലാരിമംഗലം എന്നീ പ്രദേശങ്ങളിലാണ് പ്രതി കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. പ്രതി കുറച്ച് ദിവസങ്ങളായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്ക് ലഭിക്കുന്ന കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പ്രതിയുടെ പക്കല്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും സൂചന ലഭിച്ചതായും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. നഗരത്തില്‍ ദിനംപ്രതി കിലോ കണക്കിന് കഞ്ചാവ് വിറ്റഴിക്കുന്നതായിട്ടാണ് എക്‌സൈസ് അധികൃതര്‍ നല്‍കുന്ന സൂചന. വിദ്യാലയങ്ങളും തൊഴിലിടങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പ്പന നടത്തുന്നതെന്ന് പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒഡീഷയില്‍ നിന്ന് ട്രയിന്‍ മാര്‍ഗ്ഗം ആലുവയിലെത്തിച്ച ശേഷമാണ് വിതരണം നടത്തിവന്നിരുന്നത്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.എം കാസിം പ്രതിയുടെ ദേഹ പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ നടത്തുമെന്നും പോത്താനിക്കാട്, അടിവാട്, പല്ലാരിമംഗലം പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേക ഷാഡോ സംഘത്തെ നിയോഗിച്ചതായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പ്രതിയെ കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.റെയ്ഡിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.റോയി, പ്രിവന്റീവ് ഓഫിസര്‍മാരായ വി.എ ജബ്ബാര്‍, ചെറിയാച്ചന്‍ ജോര്‍ജ്ജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.എം അബ്ദുള്ളക്കുട്ടി, ശ്രീകുമാര്‍, ഷിജീവ് കെ.ജി, ജിമ്മി വി.എല്‍, എം.കെ ബിജു, സുജിത്ത് കെ.വിജയന്‍ എന്നിവര്‍ പങ്കെടുത്തു. കഞ്ചാവ്, മയക്കുമരുന്ന് ഇവയുടെ വില്‍പന നടക്കുന്നതായി വിവരം ലഭിച്ചാല്‍ 9400069578, 04852826460 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് എക്‌സൈസ് ഇന്‍സപെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."